Entertainment

എക്സ്രാ ഡീസന്റ് സിനിമയിലെ ലുക്ക് ഇഷ്ടമായില്ല, ചളിയാകുമെന്ന് ആദ്യമേ പറഞ്ഞു: തുറന്നുപറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് വ്യത്യസ്ത ലുക്കിൽ എത്തിയ സിനിമയാണ് ഇ ഡി അഥവാ എക്സ്രാ ഡീസന്റ്. സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിനിമയിലെ തന്റെ ലുക്ക് ഇഷ്ടമായില്ലെന്ന് തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ക്ലീൻ ഷേവ് ചെയ്ത് കട്ടി ഫ്രെയിമുള്ള വട്ടക്കണ്ണട വെച്ചാണ് താരം ചിത്രത്തിൽ അവതരിക്കുന്നത്. ഈ ലുക്കിനെക്കുറിച്ചാണ് താരത്തിന് പറയാനുള്ളത്.

സുരാജിന്റെ വാക്കുകൾ ഇങ്ങനെയാണ്. ‘ഈ ലുക്ക് എനിക്ക് ഇഷ്ടമല്ലായിരുന്നു. ക്ലീന്‍ ഷേവ് ആണെന്ന് പറഞ്ഞപ്പോള്‍ അത് ചളിയാകുമെന്ന് ഞാന്‍ സംവിധായകന്‍ ആമിറിനോട് പറഞ്ഞു. വൃത്തികേടാകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആമിര്‍ എനിക്ക് ആ ലുക്ക് എങ്ങനെയാകുമെന്ന് ഡിസൈന്‍ ചെയ്ത് കാണിച്ചുതന്നു. പിന്നെ ക്ലീന്‍ ഷേവ് ചെയ്ത് കണ്ണടയടക്കം വെച്ചപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. അതിന്റെ ഫുള്‍ ക്രെഡിറ്റും സംവിധായകനാണ്. ഞാൻ ക്ലീന്‍ ഷേവ് ലുക്കില്‍ വന്ന അവസാന ചിത്രം അണ്ണന്‍ തമ്പിയാണ് ‘ എന്നും സുരാജ് പറഞ്ഞു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. എക്‌സ്ട്രാ ഡീസന്റ് സെറ്റിലേക്ക് ആദ്യമായി വന്ന സമയത്ത് സുരാജിനെ കണ്ട് ഞെട്ടിപ്പോയെന്ന് നടന്‍ ശ്യാം മോഹനും അഭിമുഖത്തില്‍ പറഞ്ഞു.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ആയിരുന്നു എക്സ്ട്രാ ഡീസന്റ് റിലീസ് ചെയ്തത്. ആക്ഷൻ പടങ്ങൾക്കൊപ്പം തിയേറ്ററുകളിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. സാധാ ചിരിപ്പടം എന്നതിനപ്പുറം ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നു എന്നാണ് ചിത്രത്തെ കുറിച്ച് ഏവരും പങ്കുവെക്കുന്ന അഭിപ്രായം. സുരാജിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന് എന്ന നിലയ്ക്കാണ് സിനിമ കണ്ടിറങ്ങയവര്‍ ഇഡിയെ വിശേഷിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ നിർമ്മാണം. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, മാർട്ടിൻ ജോർജ് , അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.