Entertainment

ആക്ഷന്‍ ലേഡി വാണി വിശ്വനാഥ് , റൈഫിൾ ക്ലബിൽ നിറഞ്ഞാട്ടം ; ഇത് കിടിലൻ തിരിച്ചുവരവ്

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ തിയേറ്ററില്‍ എത്തി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. വന്‍ താരനിരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് വാണി വിശ്വനാഥ് ആയിരുന്നു. ഇട്ടിയാനം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് തിരിച്ച് വരവ് ​ഗംഭീരമാക്കുന്ന നായികമാരുടെ പട്ടികയിൽ വാണി വിശ്വനാഥ് കൂടി ഇടം പിടിച്ചിരിക്കുകയാണ്.

ചിത്രത്തിലെ സ്ലോ മോഷന്‍ ഇന്‍ട്രൊ സീന്‍ മുതല്‍ അവസാനത്തിലെ തകര്‍പ്പന്‍ രംഗങ്ങള്‍ വരെ മാസായിട്ടാണ് വാണി വിശ്വനാഥ് അവതരിപ്പിച്ചിരിക്കുന്നത്. വാണി സ്ക്രീനിലെത്തുന്ന ഓരോ രം​ഗങ്ങളിലും തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയും ആർപ്പുവിളിയും ആയിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും സ്വന്തം ആക്ഷന്‍ നായിക എന്ന വാണിയുടെ സ്ഥാനത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ആരും ഇതുവരെ വന്നിട്ടില്ലെന്നതിന്റെ സൂചനകള്‍ കൂടിയായിരുന്നു ആ കയ്യടികള്‍. തൊണ്ണൂറുകള്‍ മുതല്‍ 2011 വരെ അവര്‍ ചെയ്തുവെച്ച വേഷങ്ങളോടുള്ള മലയാളി പ്രേക്ഷകരുടെ ഇന്നും തുടരുന്ന ഇഷ്ടം വ്യക്തമായിരുന്നു.

ചിത്രത്തിൽ അഭിനയിച്ച സമയത്തെ അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ വാണി തുറന്ന് പറഞ്ഞിരുന്നു. റൈഫില്‍ ക്ലബിന്റെ സമയത്ത് ആക്ഷന്‍ സീക്വന്‍സുകള്‍ മറ്റുള്ളവരേക്കാള്‍ നന്നായി ചെയ്യുക താന്‍ ആയിരിക്കും എന്ന ഒരു അഹങ്കാരം തനിക്ക് ഉണ്ടായിരുന്നു എന്നും എന്നാല്‍ മറ്റുള്ളവരൊക്കെ തന്നെ തോല്‍പ്പിച്ചു കളഞ്ഞെന്നും അവരൊക്കെ അസ്സലായി ആക്ഷന്‍ ചെയ്‌തെന്നുമാണ് താരത്തിന്റെ വാക്കുകൾ. വാണിക്കും മറ്റുള്ള അഭിനേതാക്കള്‍ക്കും റൈഫിള്‍ ക്ലബില്‍ വലിയ ഭാരമുള്ള തോക്കുകള്‍ കൊണ്ട് വെടിവെയ്ക്കുന്ന സീനുകളും മറ്റ് ആക്ഷന്‍ സീനുകളും ഉണ്ടായിരുന്നു. പക്ഷെ അവരൊക്കെ എന്നെ തോല്‍പ്പിച്ചു കളഞ്ഞു, കാരണം അവരൊക്കെ നല്ല അസ്സലായി തന്നെ അവരുടെ വേഷം ചെയ്തിട്ടുണ്ട്. അവരൊക്കെ നന്നായി തോക്കെടുത്തു, ആക്ഷന്‍ പാര്‍ട്ട് നന്നായി ചെയ്തു എന്നുകൂടി വാണി കൂട്ടിച്ചേർത്തിരുന്നു.

ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് റൈഫിൾ ക്ലബ് വിതരണത്തിനെത്തിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, വാണി വിശ്വനാഥ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.