ചർമ്മ സംരക്ഷണത്തിനുവേണ്ടി ഇന്നത്തെ കാലത്ത് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഫേസ് പാക്ക്. സൗന്ദര്യ സംരക്ഷണത്തിനും സൗന്ദര്യ പ്രശ്നത്തിനും ഫേസ് പാക്ക് ഉപയോഗിക്കുന്നു. ഇന്ന് വിപണിയിൽ പലതരം റെഡിമെയ്ഡ് പാക്കുകൾ ലഭ്യമാണ്. ഇതല്ലാതെ നമുക്ക് വീട്ടിൽ തന്നെ പ്രകൃതിദത്ത വഴികൾ കൊണ്ടുണ്ടാക്കാവുന്ന പേക്കുകളും ഉണ്ട് . ഫേസ് പാക്കിനെ പറ്റി നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ ഇവിടെ ചേർക്കുന്നു
ഫേസ് പാക്ക് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ
ഫേസ് പായ്ക്കുകളിൽ തന്നെ ആയുർവേദ പാക്കുകളും ഹെർബൽ പാക്കുകളുമെല്ലാമുണ്ട്. ഫേസ് പാക്ക് പലതരം ഗുണങ്ങൾ നൽകുന്നു. മുഖക്കുരു, വരണ്ട ചർമം, പിഗ്മന്റേഷൻ, കരുവാളിപ്പ്, ടാൻ തുടങ്ങിയ പല സൗന്ദര്യപ്രശ്നങ്ങൾക്കും ഇത് നല്ലൊരു മരുന്നാക്കാം. പൊതുവേ നല്ല കട്ടിയിൽ മുഖത്തിടുന്ന ഫേസ് പായ്ക്ക് ഒരുവിധം ഉണങ്ങുമ്പോൾ കഴുകാം. അപ്പോൾതന്നെ കാര്യമായ വ്യത്യാസം നമുക്ക് മുഖത്ത് കാണാൻ സാധിയ്ക്കും.
പാച്ച് ടെസ്റ്റ്
ചില ചേരുവകൾ ചർമ്മത്തിന് അലർജി ഉണ്ടാക്കാനിടയുണ്ട്. അതിനാൽ ഓരോ ഫേസ് പാക്ക് മുഖത്ത് നേരിട്ട് ഇടുന്നതിന് മുമ്പും പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. കൈയ്യിലോ ചെവിയുടെ പുറകിലോ വളരെ കുറച്ച് മിക്സ് എടുത്ത് പുരട്ടി കുറച്ച് നേരം കാത്തിരിക്കുക. ഇത് ചർമ്മത്തിന് യാതൊരു വിധ പ്രകോപനവും ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം മുഖത്ത് ഇടുക. ചർമ്മത്തിൽ ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതയോ ചൊറിച്ചിലോ തടിപ്പോ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഈ പാക്ക് ഉപയോഗിക്കാതിരിക്കുക. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമെങ്കിൽ.
ഫേസ് പാക്ക് എന്തിന്?
ഫേസ് പായ്ക്കുകൾ മുഖ സൗന്ദര്യം മെച്ചപ്പെടുത്താൻ മാത്രമല്ല, ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാര മാർഗ്ഗം കൂടിയാണ്. ഓരോരോ പ്രശ്നങ്ങൾക്ക് വ്യത്യസ്ത തരം ഫേസ് പാക്കുകൾ ഉപയോഗിക്കാം. ഒന്നിൽ കൂടുതൽ വസ്തുക്കൾ ചേർത്താണ് സാധാരണ രീതിയിൽ പാക്ക് തയ്യാറാക്കുന്നത്. പേര് സൂചിപ്പിയ്ക്കുന്നത് പോലെ മുഖത്തിന് അൽപനേരം ആവരണം നൽകി ചർമത്തിന് ഇതിന്റേതായ ഗുണം നൽകുകയാണ് ഓരോ ഫേസ് പാക്കും ചെയ്യുന്നത്.
പ്രകൃതിദത്ത ഫേസ് പാക്കുകൾ
നാച്വറൽ പായ്ക്കുകളിൽ നമുക്ക് അടുക്കളയിലെ പല ചേരുവകളും ഉപയോഗിയ്ക്കാം. തൈര്, തേൻ, മഞ്ഞൾ, പാൽ, കടലമാവ് തുടങ്ങിയവയെല്ലാം തന്നെ വിവിധ ഫേസ് പാക്ക് തയ്യാറാക്കാൻ ഉപയോഗിച്ച് വരുന്നവയാണ്. നാച്വറൽ ഫേസ് പാക്കുകൾ ഇതിനാൽ തന്നെ അധികം ചെലവ് വരുന്നവയുമല്ല. നിങ്ങളുടെ ചർമ്മം ഏത് താരമാണെന്നത് അനുസരിച്ച് വേണം, പാക്ക് തയ്യാറാക്കാനുള്ള ചേരുവകൾ തീരുമാനിയ്ക്കാൻ. ഉദാഹരണത്തിന് എണ്ണമയമുള്ള ചർമമുള്ളവർക്ക് ഉപയോഗിയ്ക്കുന്ന ചേരുവകൾ വരണ്ട ചർമമുള്ളവർക്ക് ഉപയോഗിയ്ക്കാൻ സാധിച്ചെന്ന് വരില്ല. ഇത് ചിലപ്പോൾ മുഖം കൂടുതൽ വരണ്ടതാക്കി മാറ്റും.
കടകളിൽ നിന്നും വാങ്ങുന്ന പല ഫേസ് പാക്കുകളിലും കൃത്രിമ വസ്തുക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇത് ചിലപ്പോൾ ദോഷം വരുത്തും. ഇതിനാൽ ഇവ വാങ്ങുമ്പോൾ ചർമത്തിന് സുഖകരമല്ലാത്ത ചേരുവകൾ ഇതിലുണ്ടോയെന്ന് നോക്കി വാങ്ങുന്നത് നല്ലതാണ്. ഇതല്ലെങ്കിൽ ചർമ പ്രശ്നങ്ങൾക്കുളള സാധ്യത ഏറെയാണ്. ഇതുപോലെ ഓരോരോ ചർമത്തിനും ചേരുന്ന തരം ഫേസ് പാക്ക് നോക്കി വാങ്ങണം. ആദ്യ ഉപയോഗത്തിൽ തന്നെ അസ്വസ്ഥത തോന്നുന്നത് ഒഴിവാക്കുകുയും വേണം.
ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ
ചർമത്തിന് നിറം നൽകാൻ സഹായിക്കുന്ന ഫേസ് പാക്കുകളിൽ ചന്ദനം, മഞ്ഞൾ, കടലമാവ് തുടങ്ങിയ പല ചേരുവകളും അടങ്ങിയിട്ടുണ്ടാകും. ഇതുപോലെ ഇലകൾ കൊണ്ടും ഹെർബൽ പായ്ക്കുകൾ ഉണ്ടാക്കാറുണ്ട്. ആര്യവേപ്പില, തുളസി തുടങ്ങിയ പല ഇലകളും ഇത്തരം ഫേസ് പായ്ക്കുകളിൽ ഉപയോഗിയ്ക്കുന്നവയാണ്. മുഖക്കുരു പോലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരമാക്കാവുന്നവയാണ് ഇവ പലതും. ആയുർവേദ പാക്കുകളിൽ ചന്ദനവും രക്തചന്ദനവും മഞ്ഞളും മഞ്ചിഷ്ഠ പോലുളള പല വസ്തുക്കളും ഉപയോഗിയ്ക്കാറുണ്ട്.
കൃത്യമായ ഉപയോഗം
ഓരോ ഫേസ് പാക്ക് ഉപയോഗിക്കുമ്പോഴും അത് കൃത്യമായ രീതിയിൽ ഉപയോഗിയ്ക്കുകയാണെങ്കിലേ വിചാരിച്ച ഫലം ലഭിയ്ക്കൂ. മുഖത്തിന് ചുളിവ വരാതിരിയ്ക്കാൻ, ചുളിവ് മാറ്റാൻ, ടാൻ മാറ്റാൻ, പിഗ്മെന്റേഷൻ മാറ്റാൻ, തിളക്കം നൽകാൻ, നിറം നൽകാൻ തുടങ്ങിയ പല പാക്കുകളും ഇന്ന് ലഭ്യമാണ്. നാച്വറൽ പായ്ക്കുകൾ പലതും ഒന്നിന് പകരം ഒരുപാട് ഗുണങ്ങൾ നൽകുന്നവയാണ്. ചിലർക്ക് ചില ഫേസ് പാക്കുകൾ കൂടുതൽ ഗുണം നൽകും. ചിലർക്ക് ഈ ഗുണം ലഭിയ്ക്കില്ല. നമുക്ക് ചേരുന്ന ഫേസ്പായ്ക്കുകൾ ഏതെന്ന്, ചേരാത്തത് ഏതെന്ന് ഉപയോഗത്തിലൂടെ തന്നെയേ കണ്ടെത്താൻ സാധിയ്ക്കൂ.
content highlight : about-face-pack