Entertainment

മോഹൻലാലും മമ്മൂട്ടിയും ചങ്ക്സ് ; ബറോസിന് ആശംസകളുമായി മമ്മൂട്ടി, താരത്തിന്റെ വാക്കുകൾ ഇങ്ങനെ

മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ബറോസ്’. ചിത്രം ക്രിസ്തുമസ് ദിനത്തിൽ തിയേറ്ററുകളിൽ എത്തും. സംവിധായകനായി മോഹൻലാലിന്റെ പേര് സ്‍ക്രീനില്‍ തെളിയുന്നു എന്നതാണ് ബറോസിന്റെ പ്രത്യേകത. ഇപ്പോൾ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് സിനിമയ്ക്ക് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തിരിയിരിക്കുകയാണ്. പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ബറോസ് എന്ന സിനിമയ്ക്ക് ഉതകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മമ്മൂട്ടി കുറിച്ചു.

‘ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ്’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമയ്ക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി,’ എന്ന് നടൻ കുറിച്ചു.

ബറോസിന്റെ റിലീസിന് മൂന്നോടിയായി ചിത്രത്തിന്‍റെ പ്രിവ്യൂ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു. സംവിധായകൻ മണിരത്‌നം, നടി രോഹിണി, നടൻ വിജയ് സേതുപതി തുടങ്ങിയവർ ഷോയിൽ പങ്കെടുത്തിരുന്നു. ഈ പ്രിവ്യൂ ഷോയിൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25 നാണ് ബറോസ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.’മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.

മോഹൻലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം.