തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു കാലത്ത് വമ്പന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി ഒരുക്കിയ സംവിധായകനാണ് ശങ്കര്‍. എന്നാല്‍ 2.0 യ്ക്ക് ശേഷം ഒരു വിജയ ചിത്രമൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വലിയ പ്രതീക്ഷയോടെ എത്തിയ കമല്‍ ഹാസന്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വിന് ബോക്സോഫീസിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇപ്പോൾ 400 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഗെയിം ചേഞ്ചറിന് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോൾ ഒരു അഭിമുഖത്തിൽ ‘ഗെയിം ചേഞ്ചർ’ ചിത്രത്തിന്റെ ആദ്യ റിവ്യൂ പങ്കുവെച്ചിരിക്കുകയാണ് പുഷ്പ 2 ചിത്രത്തിന്റെ സംവിധായകൻ സുകുമാർ. ഗെയിം ചേഞ്ചർ ചിത്രം തന്നിൽ രോമാഞ്ചം ഉണ്ടാക്കിയെന്നാണ് സംവിധായകൻ പറയുന്നത്. യുഎസിലെ ഡാലസില്‍ നടന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ പരിപാടിയിലാണ് സുകുമാറിന്റെ പ്രതികരണം. ചിത്രത്തിലെ പ്രകടനത്തിന് രാം ചരണിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുകുമാറിന്റെ വാക്കുകൾ ഇങ്ങനെയാണ് – ‘ഞാനൊരു രഹസ്യം പറയാം. ചിരഞ്ജീവി സാറുമൊത്താണ് ഗെയിം ചേഞ്ചര്‍ എന്ന ചിത്രം കണ്ടത്. എനിക്ക് ഈ സിനിമയുടെ ആദ്യ റിവ്യൂ നല്‍കണമെന്നുണ്ട്. ആദ്യ പകുതി മനോഹരം. ഇന്‍റര്‍വെല്ലിന് ശേഷം അതിഗംഭീരം. എന്നെ വിശ്വസിക്കൂ. രണ്ടാം പകുതിയിലെ ഫ്ലാഷ് ബാക്ക് രംഗം എന്നില്‍ രോമാഞ്ചം ഉണ്ടാക്കി. അസാധാരണ പടം. ഷങ്കറിന്‍റെ ജെന്‍റില്‍മാനും ഭാരതീയുഡുവും ഇന്ത്യന്‍ ചിത്രവും പോലെ ഞാന്‍ ഈ ചിത്രവും ആസ്വദിച്ചു. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളില്‍ രാം ചരണിന്റെ വൈകാരികത സ്വാധീനിച്ചു. അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട് , തീര്‍ച്ചയായും ഒരു ദേശീയ പുരസ്കാരം രാം ചരണിന് ലഭിക്കും’. എന്നിങ്ങനെയാണ് സംവിധായകന്റെ വാക്കുകൾ.
രാം ചരണുമായി ഏറെ വ്യക്തിബന്ധം പുലര്‍ത്തുന്നയാളാണ് സുകുമാര്‍. ഇരുവരും ചേര്‍ന്ന് ഒരുക്കിയ രംഗസ്ഥലം വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്.