ലോകമെമ്പാടും നിരവധി ആരാധകരുള്ള മലയാളത്തിന്റെ അഭിമാനമായി മാറിയ നടനാണ് മോഹൻലാൽ. അഭിനയ കുലപതി എന്ന് തന്നെ മോഹൻലാലിനെ വിശേഷിപ്പിക്കാം. നാല് പതിറ്റാണ്ടാകളോളം സ്ക്രീനിൽ നിറഞ്ഞ് നിന്ന് സിനിമ തന്നെ ജീവിതമാക്കി മാറ്റിയ താരത്തിന്റെ അഭിനയത്തോട് കിടപിടിക്കാൻ മലയാളത്തിൽ മറ്റൊരു താരമില്ല എന്ന് തന്നെ പറയാം. അത്തരത്തിൽ എല്ലാവരും ആരാധിക്കുന്ന മോഹൻലാലിന് ഒരു മലയാള നടനെക്കുറിച്ച് ഗംഭീര അഭിപ്രായമാണ്. മറ്റാരുമല്ല ഫഹദ് ഫാസിലാണ് മോഹൻലാലിന്റെ ഗുഡ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ആ നടൻ. ആരാധകര്‍ അദ്ദേഹത്തെ ഇഷ്ടത്തോടെ ഫഫ എന്നാണ് വിളിക്കുന്ന ഫഹദ് ഫാസിലിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പ്രതികരണം.
ഫഹദിന്റെ പിതാവ് ഫാസിലുമായി വളരെക്കാലമായുള്ള ബന്ധമാണ് തനിക്കുള്ളത്. ഫഹദിനൊപ്പം സിനിമ ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ് എന്നാണ് മോഹൻലാൽ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഫഹദ് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഫാസിൽ തന്നോട് സംസാരിച്ചിരുന്നു. അന്ന് സിനിമയുടെ ഭാഗമാകാൻ അയാൾക്ക് കഴിയട്ടെ എന്നായിരുന്നു താൻ മറുപടി കൊടുത്തത്. ഇന്ന് ഫഹദ് ഒരു മികച്ച നടനമായി മാറുകയും തന്റെ പ്രവചനം സത്യമാവുകയും ചെയ്തുവെന്നും മോഹൻലാൽ പറയുന്നു.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെയാണ്. – ‘ഫഹദിന്റെ പിതാവാണ് എന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത്. വർഷങ്ങളായി അദ്ദേഹത്തെയും കുടുംബത്തെയും എനിക്കറിയാം. ഫഹദ് ഒരു ഗ്രേറ്റ് ആക്ടറാണ്. ഫഹദ് യു.എസിൽ പഠിക്കുന്ന സമയത്ത് അദ്ദേഹം എന്നോട്, ഫഹദിന്റെ അഭിനയത്തെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്, അവനൊരു പ്ലാറ്റ്‌ഫോം ലഭിക്കട്ടെ എന്നാണ്. എങ്ങനെയാണോ എന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തത് അതുപോലെ അവനെയും കൊണ്ടുവരാൻ ഞാൻ പറഞ്ഞു. പിന്നീട് ഫഹദ് സിനിമയിലേക്കെത്തി. എന്റെ പ്രവചനം പെർഫെക്ടായി മാറിയില്ലേ. ഫഹദ് ഒരു മികച്ച നടനാണ്,’ എന്നാണ് അഭിമുഖത്തിൽ താരം പറഞ്ഞത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ മോഹൻലാലും ഫഹദും ഭാഗമാകുന്നുണ്ട്. ഇരുവർക്കും പുറമെ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.