‘അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി…’ ഈ വരികൾ കേട്ടാൽ മനസിലേക്ക് ആദ്യം വരുന്ന മുഖം, ഗാന രംഗത്തിൽ അഭിനയിച്ച അർച്ചന കവിയുടേതാണ്. ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഒറ്റ ഗാനത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പ്രശംസകളും അംഗീകാരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. പിന്നീട് ഉർവശിയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘മമ്മി ആന്റ് മി’ എന്ന ചിത്രത്തിലെ അഭിനയവും ഏറെ പ്രശംസകള്‍ നേടിയിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് സിനിമയിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. അര്‍ഹിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കാത്തതാണ് ഇതിന് കാരണം. അത് അർച്ചനയുടെ കരിയറില്‍ വലിയ തിരിച്ചടിയായി.
ഇപ്പോൾ വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമാ മേഖലയിലേക്ക് മടങ്ങിവരുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അർച്ചന കവി. ടൊവിനോ നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അർച്ചന കവി തിരിച്ചുവരുന്നത്. ഇൻസ്റ്റഗ്രാമിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷം അറിയിക്കുന്നത്.
അർച്ചനയുടെ വാക്കുകൾ ഇങ്ങനെയാണ്.- ‘ബിഗ് സ്‌ക്രീനിൽ എന്റെ മുഖം കണ്ടിട്ട് 10 വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാകുന്നു. ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ഐഡന്റിറ്റി എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ആ സിനിമയോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു. വിഷാദവുമായി ഞാൻ പോരാടുന്ന സമയം. ആ സമയത്താണ് സംവിധായകൻ അഖിൽ പോൾ ജീവിതത്തിലേക്ക് വന്നത്. നല്ലൊരു സുഹൃത്തായി അദ്ദേഹം എന്നോടൊപ്പം നിന്നു. മരുന്നുകൾ ഞാൻ കൃത്യമായി കഴിക്കുന്നുണ്ടെന്ന് അദ്ദേഹവും ഉറപ്പുവരുത്തി. എന്നാൽ ഷൂട്ട് ചെയ്യുന്ന ഒരു സമയത്ത് പോലും എനിക്ക് രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ല. മുമ്പത്തേക്കാൾ എന്റെ ആരോഗ്യസ്ഥി ഇപ്പോൾ മെച്ചപ്പെട്ടുവരുന്നു. ആളുകൾക്ക് സിനിമ ഇഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. പ്രസവമുറിയിൽ ടെൻഷനായി നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥയാണ് എനിക്ക് ഇപ്പോൾ. നീലത്താമരയ്‌ക്ക് ശേഷം സിനിമ കാണാൻ എന്റെ അച്ഛനും അമ്മയും കേരളത്തിലേക്ക് വരികയാണ്. ഒരു പുനർജന്മം പോലെ തോന്നുന്നു’ എന്നും അർച്ചന കവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
നല്ല സിനിമകൾ ലഭിക്കാതിരുന്ന സമത്തായിരുന്നു അർച്ചന കവിയുടെ വിവാഹം. ചെറുപ്പം മുതലേ അറിയാവുന്ന ആളെ തന്നെയാണ് വിവാഹം ചെയ്തത്. പക്ഷേ ആ ബന്ധം വേര്‍പിരിയലില്‍ അവസാനിച്ചു. അതിന് ശേഷം യൂട്യൂബിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് സീരിയലിലേക്ക് എത്തി. ഒരു സീരിയല്‍ പാതി ചെയ്തതിന് ശേഷം അര്‍ച്ചന കവി വീണ്ടും ഇന്റസ്ട്രിയില്‍ നിന്ന് അപ്രതീക്ഷയായി. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വീണ്ടും നീണ്ട 10 വർഷങ്ങൾക്ക് ഒടുവിലാണ് അർച്ചന സിനിമയിലേക്ക് തിരിച്ചു വരുന്നത്.