Entertainment

‘മലയാളത്തിൽ ഐ ലവ് യു പറയണം’: വരുൺ ധവാന്റെ മലയാളം ടീച്ചർ കീർത്തി സുരേഷ്, രസകരമായ വീഡിയോ

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും സുഹൃത്തും വ്യവസായിയുമായ ആന്‍റണി തട്ടിലുമായുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടതാണ്. ഇരുവരുടെയും പതിനഞ്ച് വര്‍ഷത്തെ പ്രണയത്തിന് ഒടുവിൽ ഡിസംബർ12 നായിരുന്നു വിവാഹം. ഹൈന്ദവ ആചാര പ്രകാരവും ക്രിസ്‌ത്യന്‍ രീതിയിലും വിവാഹം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ തിരക്കുകളിലേക്ക് നീങ്ങിയിരുന്നു താരം. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞാൽ സാധാരണ നടിമാർ പങ്കുവെക്കാറുള്ള ഹണിമൂൺ റൊമാന്റിക് വിഡിയോകളോ ഫോട്ടോകളോ ഒന്നും തന്ന താരത്തിന്റെ പ്രൊഫൈലിൽ ഇല്ല.

വരുണ്‍ ധവാനും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന ‘ബേബി ജോണ്‍’ ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍ എത്തുകയാണ്. കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ബേബി ജോണ്‍’. ആറ്റ്ലി സംവിധാനം ചെയ്‌ത വിജയ് നായകനായ തമിഴ് ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്കാണ് ‘ബേബി ജോണ്‍’. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വളരെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. കീർത്തി സുരേഷ് വരുണ്‍ ധവാനെ തെന്നിന്ത്യന്‍ ഭാഷ പഠിപ്പിക്കുന്ന വീഡിയോയാണിത്. കീർത്തി തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചത്. ‘ഐ ലവ് യു’ എന്ന് തെന്നിന്ത്യൻ ഭാഷകളിൽ പറയണം എന്നാതാണ് വരുൺ ധവാന്റെ ആവശ്യം.

ഇതിന് പിന്നാലെ വരുണിനെ മലയാളത്തിലും തമിഴിലും തെലുഗിലും ‘ഐ ലവ് യു’ പറയാന്‍ കീർത്തി പഠിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. തമിഴിലാണ് ആദ്യം തമിഴിലാണ് കീര്‍ത്തി പറഞ്ഞു പഠിപ്പിക്കുന്നത്. വലിയ പ്രയാസമില്ലാതെ തമിഴ് ‘ഐ ലവ് യു’ പറയാൻ താരത്തിന് കഴിഞ്ഞു. എന്നാല്‍ മലയാളത്തില്‍ വരുണ്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും അൽപം ബുദ്ധിമുട്ടി പറയുന്നത് വീഡിയോയില്‍ കാണാം. ‘എനിക്ക് നിങ്ങളെ എല്ലാവരേയും വളരെ ഇഷ്‌ടമാണ്’ എന്ന് പറയാനാണ് കീര്‍ത്തി വരുണിനെ പഠിപ്പിക്കുന്നത്. തെറ്റിപ്പറഞ്ഞ ശേഷം വീണ്ടും ചോദിച്ച് മനസിലാക്കി ശരിയാക്കി പറയുന്നത് വീഡിയോയിൽ കാണാം. പിന്നീട് തെലുഗുവില്‍ പറയുന്നതും കാണാം.

കന്നഡയിൽ ‘ഐ ലവ് യു’ പറയണമെന്നും വരുൺ പറഞ്ഞിരുന്നു. എന്നാൽ കന്നഡ തനിക്കറിയില്ലെന്നും ആദ്യം താന്‍ പോയി കന്നഡ പഠിച്ചിട്ട് വരുണിനെ പഠിപ്പിക്കാമെന്ന് കീര്‍ത്തി പറയുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെ കടല്‍ തീരത്ത് വച്ചായിരുന്നു കീര്‍ത്തിയുടെ ക്ലാസ്. താരം വീഡിയോ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.