നീണ്ട കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം ബറോസ് നാളെ തിയേറ്ററുകളിലെത്തും. ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങുന്ന ചിത്രം കാണാനുള്ള ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നത് നിരവധി പേരാണ്. 47 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ മലായാളത്തിന്‍റെ പ്രിയ നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ആഗോള തലത്തിലുള്ള തിയേറ്ററുകളിലാണ് നാളെ മുതല്‍ ‘ബറോസ്’ പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ എത്തുന്നത്. ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ’ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് 3D ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയതും ജിജോ പുന്നൂസാണ്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം എന്നതും, അതും ജിജോ പുന്നൂസിന്റെ രചനയില്‍ എന്നത് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ സിനിമയ്ക്ക് ഏറെ ഹൈപ്പ് ലഭിച്ചിരുന്നു.
ബറോസ് നാളെ തിയേറ്ററുകളിൽ എത്തുമ്പോൾ അതിനോട് ഏറ്റുമുട്ടാൽ ഉണ്ണി മുകുന്ദന്റെ മാസ് മാർക്കോസും ആഷ്ഖ് അബുവിന്റെ കിടിലൻ റൈഫിൾ ക്ലബുമെല്ലാം ഉണ്ടാകും. എന്നാൽ ബറോസ് പ്രതീക്ഷ കാക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം. ബറോസിന്‍റെ അഡ്വാന്‍സ് ബുക്കിങ് 22 ന് രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടുന്നത്. പ്രമുഖ തിയേറ്ററുകളിലെല്ലാം നാളത്തെ ആദ്യഷോ ഹൗസ് ഫുള്ളാണ്.
പ്രമുഖ ട്രാക്കര്‍ അനലിസ്‌റ്റായ സാക്‌നില്‍കിന്‍റെ കണക്ക് പ്രകാരം കേരളത്തിന് 63 ലക്ഷമാണ് ചിത്രം ഇതുവരെ നേടിയത്. 960 പ്രദര്‍ശനങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്. 184 രൂപ ആവേറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ 17 ഷോകളും ഇവര്‍ ട്രാക്ക് ചെയ്‌തിട്ടുണ്ട്. അതുകൂടി ചേര്‍ത്ത് 63.22 ലക്ഷമാണ് ഇതിനോടകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റുകൂടി ഇതില്‍ ഉള്‍പ്പെടുമ്പോള്‍ 1.08 കോടിയാണെന്നും സാക്നില്‍ക് അറിയിക്കുന്നത്.
ചിത്രത്തിന്‍റ പ്രീമിയര്‍ ഷോ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു. സംവിധായകൻ മണിരത്‌നം, നടി രോഹിണി, നടൻ വിജയ് സേതുപതി തുടങ്ങിയവർ ഷോയിൽ പങ്കെടുത്തിരുന്നു. ഈ പ്രിവ്യു ഷോയിൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളും ത്രീ ഡി എഫക്ടുമെല്ലാം നന്നായി ഇഷ്ടപ്പെടുമെന്നും ബറോസ് കുടുംബസമേതം കാണാൻ സാധിക്കുന്ന സിനിമയായിരിക്കുമെന്നും ഹോളിവുഡ് എഫക്റ്റ് നൽകുന്ന ചിത്രമാണ് എന്നതടക്കമുള്ള പ്രതികരണങ്ങളാണ് ഉയർന്നുവന്നത്.
ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പ്രതിഭാശാലികളായ സാങ്കേതിക വിദഗ്‌ധരും അഭിനേതാക്കളും സംഗീതഞ്ജരുമാണ് ഈ സിനിമയ്ക്കായി അണിനിരക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നിരുന്നു. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്.