സോഷ്യൽ ഇപ്പോൾ ട്രെൻഡിങ് കൈനീട്ടി ഹാൻഡ് ഷേക്ക് കിട്ടാതെ എയറിലായ താരങ്ങളാണ്. ഇത് ബേസിലിന്റെ ശാപമാണെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ‘ബേസിലിന്റെ കൈകൊടുക്കൽ’ ആരും മറന്നു കാണാൻ വഴിയില്ലല്ലോ. അന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാൽ ആ പ്ലെയർ അതുകാണാതെ പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസിൽ ചമ്മി കൈ താഴ്ത്തി. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായിരുന്നു. സിനിമയുടെ പൂജയ്ക്കിടെ ദീപത്തിൽ തൊട്ട് പ്രാർഥിക്കാൻ ടൊവിനോ കൈനീട്ടിയപ്പോഴേക്കും പൂജാരി അതുംകൊണ്ട് പോയിക്കഴിഞ്ഞിരുന്നു. ടൊവിനോയെ കളിയാക്കി ബേസിൽ ചിരിച്ചതിനു കിട്ടിയ പണിയാണിത് എന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. എന്തായാലും സംഭവം അന്ന് ട്രോൾ പേജുകൾ വലിയ ആഘോഷമാക്കിയിരുന്നു.
ഇപ്പോൾ സമാനമായ ചമ്മൽ മമ്മൂട്ടികും സുരാജ് വെഞ്ഞാറമൂടിനും ഉണ്ടായ വീഡിയോകൾ ചേർത്തുവെച്ചാണ് ആഘോഷം. ഒരു ചെറിയ കുട്ടിക്ക് കൈ കൊടുക്കാൻ മമ്മൂട്ടി കൈനീട്ടിയപ്പോൾ കുട്ടി കൈ കൊടുക്കാതെ മറ്റൊരാൾക്ക് കൈ കൊടുത്ത് പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. ഒരു വേദിയിൽ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വീഡിയോ ആണ് വൈറലായത്. വീഡിയോ വൈറലായതോടെ, “ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്,” എന്ന കമന്റുമായി സുരാജ് എത്തി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’എന്നായിരുന്നു ടൊവിനോയുടെമറുപടി.
ഇത്രയും സംഭവങ്ങൾക്കെല്ലാം പിന്നാലെ ഈ ക്ലബിലേക്ക് രമ്യ നമ്പീശൻ കൂടി ചെന്ന് വീണു. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയിൽ നിന്നുള്ള വീഡിയോ ആണ് വൈറലാവുന്നത്. കൈ കൊടുക്കാൻ ശ്രമിക്കുന്ന രമ്യയെ കാണാതെ പോവുന്ന ഒരു ക്രിക്കറ്റ് പ്ലെയറെ ആണ് വീഡിയോയിൽ കാണാനാവുക. ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷൻ ഉണ്ടെന്ന് പറഞ്ഞ് സിനിമാ ലോകത്തെ ഇത്തരം തമാശകൾ ട്രോളാക്കി ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.