Entertainment

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പോലീസ് വേഷം; ജനുവരിയിൽ ‘ആവനാഴി’ വീണ്ടും തിയേറ്ററുകളിലേക്ക്

മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘ആവനാഴി’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ആധുനിക സാങ്കേതികവിദ്യകളോടെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 38 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രം വീണ്ടും തിയേറ്ററിൽ എത്തുന്നതിനോട് അനുബന്ധിച്ച് 26-12-24 ന് എറണാകുളം വളവി ഓഡിറ്റോറിയത്തിൽ വാർത്താസമ്മേളനം നടക്കും. എറണാകുളം നോർത്ത് മാധവ ഫാർമസിക്ക് പുറകുവശത്തുള്ള വളവി ഓഡിറ്റോറിയത്തിൽ ആണ് വാർത്താസമ്മേളനം. രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിലേക്ക് എല്ലാ പത്ര-ദൃശ്യ മാധ്യമപ്രവർത്തകർക്കും സോഷ്യൽ മീഡിയ പ്രമോട്ടേഴ്സിനും ക്ഷണമുണ്ട്.

ചിത്രത്തിൽ മമ്മൂട്ടി ഇൻസ്‍പെക്ടര്‍ ബല്‍റാമെന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സുകുമാരൻ, സുകുമാരി, സീമ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ ജഗന്നാഥ വര്‍മ, പറവൂര്‍ ഭരതൻ, ജനാര്‍ദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, ക്യാപ്റ്റൻ രാജു, സി ഐ പോള്‍, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായര്‍, അസീസ്, പ്രതാപചന്ദ്രൻ എന്നിവരും അഭിനയിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള സിനിമ ആക്ഷന് പ്രാധാന്യം നല്‍കിയിരുന്നു.