സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഭൂരിഭാഗം ആളുകളും. ഇതിനായി വിപണിയിൽ നിന്നും നിരവധി സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കാറുമുണ്ട്. അതിനായി പണം ചെലവാക്കാൻ പലർക്കും ഒരു മടിയുമില്ല. എന്നാൽ ഇത്തരത്തിൽ പണം കളയുകയല്ല, മറിച്ച് ചർമ്മത്തെ കൃത്യമായ രീതിയിൽ പരിപാലിക്കുകയാണ് വേണ്ടത്. പണ്ടൊക്കെ എന്തെങ്കിലും വിശേഷ ദിവസങ്ങളിൽ മാത്രം ചെയ്തിരുന്ന മേക്കപ്പ് ഇന്ന് എല്ലാ ദിവസവും ചെയ്യുന്നവരാണ് ആളുകൾ. മേക്കപ്പ് ചെയ്യാൻ വേണ്ടി തിരഞ്ഞെടുക്കുന്ന വസ്തുക്കളെപ്പോലെ തന്നെ മേക്കപ്പ് റിമൂവ് ചെയ്യുന്നതിലും നമ്മൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മേക്കപ്പ് റിമൂവ് ചെയ്തതിനുശേഷം ചർമ്മസംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ ..
വൃത്തിയാക്കാം
മേക്കപ്പ് റിമൂവ് ചെയ്തതിനുശേഷം അവശേഷിക്കുന്ന മേക്കപ്പും മാലിന്യങ്ങളും നീക്കം ചെയ്യാൻ മുഖം നന്നായി വൃത്തിയാക്കണം. അതിനായി ആദ്യം തന്നെ എണ്ണ അധിഷ്ഠിത ക്ലൻസറും രണ്ടാമത് ജല അധിഷ്ഠിത ക്ലൻസറും ഉപയോഗിക്കുന്നതാണ് നല്ലത്.
എക്സ്ഫോളിയേറ്റ്
മൃതചർമ്മ കോശങ്ങൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചർമം എക്സ്ഫോളിയേറ്റ് ചെയ്യണം. ചർമ്മത്തിന് നല്ല നിറവും തിളക്കവും നൽകാൻ എക്സ്ഫോളിയേറ്റ് നിങ്ങളെ സഹായിക്കും.
ടോണർ
ചർമ്മത്തിന്റെ പി എച്ച് സന്തുലിതമാക്കുന്നതിനും സുഷിരങ്ങൾ മുറുക്കുന്നതിനും ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ ആഗിരണം ചെയ്യുന്നതിനും ആയി ഒരു ടോണർ ഉപയോഗിക്കണം. ഇത് ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കും.
സെറം
ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താനും ചർമ്മത്തെ സംരക്ഷിക്കാനും സെറം ഉപയോഗിക്കാം. ഇത് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിനു കേടുപാടുകൾ ഉണ്ടാകുന്നത് തടയാനും നല്ല തുടുപ്പു നൽകാനും സഹായിക്കും.
ഐ ക്രീം
ഉറക്കം ശരിയായില്ലെങ്കിൽ കണ്ണിനു ചുറ്റും കരുവാളിപ്പ് പലർക്കും ഉണ്ടാകാറുണ്ട്. കണ്ണിനു ചുറ്റുമുള്ള കറുപ്പ്, വീക്കം, നേർത്ത വരകൾ, ചുളിവുകൾ എന്നിവ ഒഴിവാക്കാനായി പതിവായി ഒരു ഐ ക്രീം പുരട്ടുന്നത് നല്ലതാണ്. ഇത് ആരോഗ്യവും യുവത്വവും നിലനിർത്തും.
ഫേസ് മാസ്ക്
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഫേസ് മാസ്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കുന്നതിനും കോശങ്ങളുടെ കേടുപാടുകൾ മാറ്റുന്നതിനും പതിവായി ഫേസ് മാസ്ക് ഉപയോഗിക്കുന്നത് സഹായിക്കും.
ചുണ്ടുകൾ
മേക്കപ്പ് റിമൂവ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് ലിപ്സ്റ്റിക്ക് റിമൂവ് ചെയ്യുന്നത്. ലിപ്സ്റ്റിക്ക് റിമൂവ് ചെയ്തതിന് ശേഷം ചുണ്ടുകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കണം. ചുണ്ടുകളെ ജലാംശം ഉള്ളതാക്കി മാറ്റാനും എക്സ്പോളിറ്റ് ചെയ്യാനും ലിപ് ബാമും ലിപ്സ്ക്രബ്ബും ഉപയോഗിക്കാം.
ആവി പിടിക്കാം
മേക്കപ്പ് റിമൂവ് ചെയ്തതിനുശേഷം ആവി പിടിക്കുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാനും ആഴത്തിൽ വൃത്തിയാക്കാനും ചർമത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.
മസാജ്
ഉറങ്ങുന്നതിനു മുൻപ് മുഖം നന്നായി മസാജ് കൂടി ചെയ്യണം. ഇത് മുഖത്തെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും സഹായിക്കും.