Beauty Tips

മഞ്ഞുകാലത്ത് ചുണ്ടുകൾ മൃദുവാക്കാൻ തയാറാക്കാം ലിപ് സ്ക്രബും ലിപ് ബാമും വീട്ടിൽ തന്നെ | lipbalm and scrub

മുഖത്ത് സ്ക്രബുകൾ ഉപയോഗിക്കുന്നത് പോലെ തന്നെ ചുണ്ടിലും ഉപയോഗിക്കണം

മഞ്ഞുകാലം എത്തിയതോടെ പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചുണ്ട് വരണ്ട് പൊട്ടുക എന്നത്. ചുണ്ടുകൾ പൊട്ടുന്നത് പലരുടെയും ആത്മവിശ്വാസത്തെ തന്നെ ബാധിക്കാറുണ്ട്. ചുണ്ടുകൾ വരണ്ടുണങ്ങി കരിവാളിപ്പായി മാറുന്നു. ഇത് മാറ്റാനായി നമുക്ക് ചെയ്യാൻ പറ്റുന്ന ചില വിദ്യകൾ ഉണ്ട്.

മുഖത്ത് സ്ക്രബുകൾ ഉപയോഗിക്കുന്നത് പോലെ തന്നെ ചുണ്ടിലും ഉപയോഗിക്കണം. ഇത് ചർമം മൃദുവാക്കാൻ സഹായിക്കുകയും മൃതകോശങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. ആഴ്ചയിൽ രണ്ടുമൂന്നു തവണ ചെയ്യുന്നതാണ് നല്ലത്. ഇതുപോലെ ലിപ് ബാം ഇടുന്നതും നല്ലതാണ്. ചുണ്ടിനായുള്ള ലിപ് സ്ക്രബും ലിപ് ബാമും നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. ഇതിനായി വീട്ടിലുള്ള ചേരുവകൾ തന്നെ എടുത്താൽ മതി. അത് എന്തൊക്കെയെന്ന് അറിയാം

​പഞ്ചസാര​

ഇതിനായി പഞ്ചസാരത്തരികൾ വേണം. ഇതിനൊപ്പം അൽപം കാപ്പിപ്പൊടിയും വേണം. ഇവ രണ്ടും കലർത്തി ഇതിനൊപ്പം അൽപം നാരങ്ങാനീരും കലർത്താം. പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. കാപ്പിപ്പൊടിയും കരുവാളിപ്പ് മാറാൻ മികച്ചതാണ്. നാരങ്ങാനീരിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇവയെല്ലാം ചേർത്ത് ഒരു കഷ്ണം പഞ്ഞി ഇതിൽ മുക്കി ചുണ്ടിൽ പതുക്കെ അൽപനേരം മസാജ് ചെയ്യാം. ഇത് ചുണ്ടിലെ കരുവാളിപ്പ് മാറാൻ ഏറെ നല്ലതാണ്.

​ഗ്ലിസറിൻ​

ഇതിന് ശേഷം ചുണ്ടിൽ ഇടാവുന്ന പായ്ക്കുണ്ടാക്കാം. ഇതും തികച്ചും പ്രകൃതിദത്ത ചേരുവകൾ ചേർത്തുണ്ടാക്കാവുന്നതാണ്. ഇതിനായി കറ്റാർവാഴ ജെൽ, ഗ്ലിസറിൻ, നാരങ്ങാനീര് എന്നിവയും ചേർക്കുന്നു. ഗ്ലിസറിൻ ചുണ്ടിനാണെങ്കിലും ചർമത്തിനാണെങ്കിലും മൃദുത്വവും ഈർപ്പവും ലഭിയ്ക്കാൻ ഏറെ നല്ലതാണ്. കറ്റാർവാഴ ജെൽ ചർമത്തിന് നല്ലതാണ്. ചുണ്ടിനും ഗുണകരമാണ്. ചുണ്ടിലുണ്ടാകുന്ന ഇൻഫ്‌ളമേഷൻ കുറയ്ക്കാൻ ഇതേറെ നല്ലതാണ്. നാരങ്ങാനീരും വൈറ്റമിൻ സി സമ്പുഷ്ടമായതിനാൽ തന്നെ ഗുണകരമാണ്.

​നെയ്യ് ​

ഇതിൽ നെയ്യ് കൂടി ചേർക്കുന്നുണ്ട്. ചർമത്തിന് മൃദുത്വവും തുടിപ്പും ലഭിയ്ക്കാൻ ഏറെ നല്ലതാണ് ഇത്. ചുണ്ടിന്റെ വരണ്ട സ്വഭാവവും ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാനും ഏറെ ഗുണകരമാണ് ഇത്. അര ടീസ്പൂൺ ഗ്ലിസറിൻ, രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടീസ്പൂൺ നാരങ്ങാനീര്, അൽപം ഉരുക്കാത്ത കട്ടിയുള്ള നെയ്യ് എന്നിവ ചേർക്കാം. ഇത് ക്രീം പരുവമാകണം. ഇത് നല്ലതുപോലെ ഇളക്കിച്ചേർത്ത് ഗ്ലാസ് ബോട്ടിലിൽ സൂക്ഷിച്ച് വയ്ക്കാം. ഇത് ചുണ്ടിൽ ലിപ്ബാമായി പുരട്ടാം.