വിവാദങ്ങൾക്കും കേസിനുമെല്ലാം ഇടയിലും അല്ലു അർജുൻ നായകനായ പുഷ്പ 2 റെക്കോർഡുകൾ ഭേദിച്ച് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സുകുമാർ. അടുത്തിടെ ഹൈദരാബാദിൽ നടന്ന രാം ചരണിൻ്റെ ഏറ്റവും പുതിയ ചിത്രമായ ഗെയിം ചേഞ്ചറിന്റെ പ്രീ റിലീസ് ചടങ്ങിൽ മുഖ്യാതിഥികളിലൊരാൾ സുകുമാർ ആയിരുന്നു. ചടങ്ങ് പുരോഗമിക്കുന്നതിനിടെ അവിടെ നടന്ന ചോദ്യത്തോരത്തില്‍ ഏത് കാര്യത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് സുകുമാര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ‘സിനിമ’ എന്ന് മറുപടി പറഞ്ഞു.
സംവിധായകന്റെ അരികിലിരുന്ന നടന്‍ രാം ചരണ്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു സുകുമാറിന്റെ പ്രതികരണം. രാം ചരണ്‍ സുകുമാറില്‍ നിന്ന് മൈക്ക് വാങ്ങി, അതൊരിക്കലും നടക്കാൻ പോകുന്നില്ലെന്നും നിങ്ങള്‍ ഒരിക്കലും സിനിമ ഉപേക്ഷിക്കരുതെന്നും പറഞ്ഞു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. നിരവധി പേരാണ് സുകുമാറിന്റെ വാക്കുകളില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. തെലുങ്ക് സിനിമ നിങ്ങളെ മറക്കില്ലെന്നും മികച്ച സിനിമകള്‍ ചെയ്യാനാണ് നിങ്ങള്‍ ഇവിടെയുള്ളതെന്നും പ്രതികരണങ്ങള്‍ വന്നു. പുഷ്പ-3 ചെയ്യുന്നതിന് മുമ്പ് സിനിമ വിട്ടുപോകരുതെന്നും പലരും അഭ്യര്‍ത്ഥിച്ചു കൊണ്ട് കമന്റുകള്‍ ഇടുന്നുണ്ട്. ഹൈദരാബാദിൽ യുവതിയുടെ മരണത്തിനിടയാക്കിയ പുഷ്പ 2 പ്രീമിയര്‍ ദുരന്തം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കവെയാണ് സുകുമാറിന്‍റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
അതേസമയം, ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് പുഷ്പ 2: ദി റൂൾ. സംബർ 5 ന് റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ഇതിനകം 1200 കോടി കളക്ഷന്‍ ആഗോള ബോക്സോഫീസില്‍ നേടിയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ2 മാറി. ഇപ്പോൾ പുഷ്പ 2 വുമായി ബന്ധപ്പെട്ട വിവാദവും കേസുമെല്ലാം സജീവ ചർച്ചയാണ്. ഡിസംബർ 4 ന് നടൻ അല്ലു അർജുൻ പുഷ്പ 2 പ്രീമിയര്‍ നടന്ന ഹൈദരബാദ് സന്ധ്യ തീയറ്ററില്‍ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനാല്‍ ഉണ്ടായ അപ്രതീക്ഷിത തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഇവരുടെ ഒമ്പത് വയസ്സുള്ള മകനും ഗുരുതരമായി പരിക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 13 ന് അല്ലു അർജുനെ അറസ്റ്റ് ചെയ്തു. നടനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം അല്ലു അർജുന് നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.