Entertainment

കടമ തീർക്കാൻ പുഷ്പ ടീം ! ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമാതാക്കളും 2 കോടി നല്‍കും

അല്ലു അർജുൻ നായകനായ പുഷ്‍പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. മൈത്രി മൂവി മേക്കേഴ്സും അല്ലുവും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക. ഇരുകൂട്ടരും ഓരോ കോടി രൂപ വീതമാണ് നൽകുക. ഇന്നലെ മുതൽ കുട്ടി വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ആണ്.

മരണപ്പെട്ട രേവതി (35) യുടെ കുടുംബത്തിനും മകൻ ശ്രീതേജി (എട്ട്) നും താങ്ങാകാനായി രണ്ടു കോടി രൂപ നൽകി സഹായിക്കാനും പണം തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർപേഴ്സൺ ദിൽ രാജുവിനെ ഏൽപ്പിക്കാനും തീരുമാനിച്ചതായി അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദാണ് അറിയിച്ചത്. കുടുംബത്തെ ബന്ധപ്പെടരുതെന്ന നിർദേശമുള്ളതിനാലാണ് ദിൽ രാജുവിനെ പണം ഏൽപ്പിച്ചതെന്നും കുടുംബത്തിന്റെ അഭിഭാഷകർ മുഖേന വിഷയം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിനും നമുക്കും ഇടയിൽ ഒരു ഇടനിലക്കാരനായതിന് ദിൽ രാജുവിനോട് നന്ദിയുണ്ടെന്നും അല്ലു അരവിന്ദ് പറഞ്ഞു.

ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകനാണ് ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം, നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്നലെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.