Entertainment

ത്രീ ഡി സിനിമ കണ്ട് മതിയായില്ലേ ? ബറോസിനൊപ്പം മാത്യു തോമസ് ചിത്രം ‘ലൗലി’യുടെ ത്രീ ഡി ട്രെയിലറും തിയേറ്ററിൽ

മോഹൻലാൽ സംവിധാനം ചെയ്ത് നായകവേഷത്തിൽ എത്തിയ ചിത്രമാണ് ബറോസ്. ക്രിസ്തുമസ് ദിനത്തിൽ തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. കാസ്റ്റിം​ഗിൽ ചിലർക്കെങ്കിലും ചെറിയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ത്രീ ഡിയുടെ കാര്യത്തിൽ ആർക്കും എതിർ അഭിപ്രായമില്ല. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ചിത്രത്തിലെ ത്രീ ഡി മികച്ചതാണ് എന്ന് തന്നെയാണ്. ഇപ്പോഴിതാ ത്രീ ഡി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇരട്ടി മധുരമായി മലയാളത്തിൽ ഒരു ചിത്രം കൂടി എത്തുന്നു.

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ‘ലൗലി’യാണ് ത്രീ ഡി ദൃശ്യമികവോടെ എത്തുന്നത്. ഇന്ന് മുതല്‍ ബറോസിനൊപ്പം ‘ലൗലി’യുടെ ട്രെയിലറും 3ഡി ദൃശ്യമികവോടെ തിയറ്ററുകളില്‍ കാണാം. ഒരു അനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ചിത്രത്തിന്റെ ട്രെയിലര്‍ കുട്ടികളെയും കുടുംബങ്ങളെയും ഒരേപോലെ ആകര്‍ഷിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ നിൽക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചിരുന്നത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

ലൗലി ചിത്രത്തിൽ ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ 45 മിനിറ്റോളം ദൈർഘ്യമുണ്ട്. സിനിമയുടെ ഷൂട്ടിംഗിനായി 51 ദിവസമേ എടുത്തുള്ളൂവെങ്കിലും 400 ദിവസത്തിലേറെയായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുകള്‍ നടന്നുവരികയാണ് എന്നും സംവിധായകന്‍ ദിലീഷ് കരുണാകരന്‍ അറിയിച്ചു. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.