ഈ ക്രിസ്തുമസ് അവധിക്കാലത്ത് തിയേറ്ററുകൾ ഭരിച്ചത് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോയാണ്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ലഭിച്ചത്. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തിയ മാർക്കോയ്ക്ക് സംഗീതമൊരുക്കിയത് ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് സ്വന്തമാക്കിയിട്ടുണ്ട്.
അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് മാർക്കോയിൽ ഒരുക്കിയിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. ഈ മാസം 20 നാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ഭാഷയിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ വിതരണാവകാശം 3 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഇതിനൊപ്പം ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ വരുമാനത്തിന്‍റെ ഷെയറും നിര്‍മ്മാതാവിന് ലഭിക്കും. ജനുവരി 1 നാണ് തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ 10.8 കോടിയാണ് ചിത്രം നേടിയത്.
ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, സിദ്ദീഖ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.