Entertainment

സ്വന്തം ചിത്രം കണ്ട് ആസ്വദിച്ച് മോഹൻലാൽ ; ‘ബറോസ്’ ഇറങ്ങിയതോടെ മോക്ഷം കിട്ടിയെന്ന് താരം

നടൻ മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ബറോസ്’. മികച്ച പ്രതികരണങ്ങളാണ് ഈ ത്രീ ഡി ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സ്വന്തം ചിത്രം കാണാൻ മോഹൻലാൽ തന്നെ തിയേറ്ററിൽ എത്തി. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലാണ് ചിത്രം കാണാനായി എത്തിയത്. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവരുടെ ഉള്ളിലെ കുട്ടികൾക്കും കൂടി വേണ്ടിയാണ് ചിത്രം ഒരുക്കിയതെന്ന് സിനിമ കാണാനെത്തിയപ്പോൾ മോഹൻലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് – ‘ഏതാണ്ട് 1650 ദിവസങ്ങളോളം ഷൂട്ട് ചെയ്ത ചിത്രമാണ്. അങ്ങനെ 1650 ദിവസങ്ങൾക്ക് ശേഷം എനിക്കാണ് ബറോസിനെ പോലെ മോക്ഷം കിട്ടിയിരിക്കുന്നത് . ഇതൊരു ചിൽഡ്രൻ ഫ്രണ്ട്ലി ഫിലിം ആണ്. പക്ഷെ കുട്ടികൾക്ക് മാത്രമല്ല, വലിയ ആളുകളിലെ കുട്ടികളേയും ലക്ഷ്യം വെച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. 40 വർഷത്തിന് ശേഷമാണ് ഒരു 3ഡി ഫിലിം ഇന്ത്യയിൽ ചെയ്തിരിക്കുന്നത്. തുടങ്ങി ഒരുപാട് പ്രത്യേകതകളുണ്ട്. ഇതിന് പറയുന്നത് നേറ്റീവ് 3ഡി ഷോട്ട് വിത്ത് സ്റ്റീരിയോ ലെൻസസ് എന്നാണ്. അത് ഷൂട്ട് ചെയ്ത രീതി, അതിന്റെ സൗണ്ട് സ്കേപ്പ് അങ്ങനെ എല്ലാ ഘടനകളും വേറെ രീതിയിലാണ്. അപ്പൊ അങ്ങനെ ഒരു മനസോടെയാണ് സിനിമ കാണേണ്ടത്. പെട്ടെന്നുള്ള പാനുകൾ, ടിൽറ്റ് അപ്പ്, പെട്ടെന്നുള്ള കട്ടുകൾ ഇതെല്ലാം കാണുന്നവർക്ക് തലവേദനയും മനംപുരട്ടലുമെല്ലാം ഉണ്ടാകാം. അതിനാൽ കാണികളുടെ മനസറിഞ്ഞാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. എനിക്ക് വലിയ സിനിമ ചെയ്യണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഇതൊരു നിയോഗം പോലെ വന്നുപെട്ടതാണ്. എന്റെ സിനിമാജീവിതം തുടങ്ങിയത് നവോദയയിൽ നിന്നാണ്. ഇപ്പൊ സംവിധാനവും തുടങ്ങിയത് നവോദയയിൽ നിന്നാണ്.’ എന്നാണ് മോഹൻലാൽ പറയുന്നത്.

മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ ആകര്‍ഷണമാണ്. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടമാകുന്നതായിരിക്കും