പ്രായമാകുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് മുടി നരയ്ക്കുക എന്ന് പറയുന്നത്. എന്നാൽ ഇപ്പോൾ ചെറിയ പ്രായത്തിലെ ആളുകളിൽ നര കണ്ടു വരാറുണ്ട്. ഇതു മറക്കാൻ പല കാര്യങ്ങളും പലരും ചെയ്യാറുണ്ട്. വിറ്റാമിൻ ബി, ഡി, ഇ, എ, ബി 12, ബയോട്ടിൻ എന്നിവ കുറയുന്നത് മുടി നരയ്ക്കാൻ കാരണമാണ്. അതുപോലെതന്നെ ആളുകൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദവും മുടി പെട്ടെന്ന് നരയ്ക്കാൻ കാരണം ആകാറുണ്ട്. ഇതൊന്നുമല്ലാതെ പാരമ്പര്യവും മുടി നരയ്ക്കാൻ ഒരു കാരണമാണ്. പലരും പാർലറുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ അതല്ലാതെ മറ്റു മാർഗ്ഗങ്ങളുമുണ്ട്. ഇനി അതാണെങ്കിൽ തന്നെ എന്തിനു പാർലറുകളിൽ പോകണം ? വീട്ടിൽ തന്നെ ഒരു ഡൈ തയ്യാറാക്കിയാൽ പോരെ ?അതിനാവശ്യമായ സാധനങ്ങളും എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും നോക്കിയാലോ?
ആരോഗ്യത്തിന് വളരെ നല്ലതാണ് ബദാം. ഇത് മുടിയ്ക്കും മികച്ചതാണെന്ന് പറഞ്ഞാൽ ഒരുപക്ഷെ പലർക്കും അത്ഭുതമായിരിക്കും. ബദാം കഴിക്കുന്നത് ആരോഗ്യത്തിനും അതുപോലെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ബദാം ഓയിൽ മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താനും മുടികൊഴിച്ചിൽ മാറ്റാനും നല്ലതാണ്. മുടിയെ നല്ല മൃദുവാക്കാനും മുടിയുടെ അറ്റം പൊട്ടി പോകുന്നത് തടയാനും നല്ലതാണ്. സ്വാഭാവിക ആൻ്റി ഓക്സിഡൻ്റുകളും വൈറ്റമിൻ ഇയും ഇതിലുണ്ട്. തലയോട്ടിയിലെ അണുബാധ പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും ബദാം നല്ലതാണ്.
മുടിയുടെ രോമകൂപങ്ങളെ ബലപ്പെടുത്താൻ നല്ലതാണ് സവാള തൊലി. അതുപോലെ മുടി കറുപ്പിക്കാനും ഇത് സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും അതുപോലെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇത് ഏറെ സഹായിക്കും. ഇതിലെ സൾഫറാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന കെരാറ്റിൻ ഉത്പ്പാദിപ്പിക്കുന്നത്. ഇതിലെ ശക്തമായ ആന്റി ഓക്സിഡൻ്റുകളും മുടി നരയ്ക്കുന്നതും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളും ഇല്ലാതാക്കുന്നു.
മുടികൊഴിച്ചിൽ, താരൻ പോലെയുള്ള പ്രശ്നങ്ങളെല്ലാം മാറ്റാൻ ഉലുവ സഹായിക്കും. ഇത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടി മുടി വളർത്താൻ നല്ലതാണ് ഉലുവ. ധാരാളം പ്രോട്ടീനും അമിനോ ആസിഡുകളും ഇതിലുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന അയൺ, പൊട്ടാസ്യം, എന്നിവ മുടി നരയ്ക്കുന്നത് മാറ്റാൻ മികച്ചതാണ്. നല്ല രീതിയിൽ തലയോട്ടിയെ ആരോഗ്യത്തോടെ വയ്ക്കാൻ മികച്ചതാണ് ഉലുവ.
മുടിയ്ക്കും ചർമ്മത്തിനും ഒരു പോലെ നല്ലതാണ് വൈറ്റമിൻ. മുടിയെ വേരിൽ നിന്ന് ബലപ്പെടുത്തി മുടിയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകാൻ വൈറ്റമിൻ ഇ സഹായിക്കും. മുടി പൊട്ടുന്നതും മുടിയുടെ തിളക്കം വീണ്ടെടുക്കാനും നല്ലതാണ് വൈറ്റമിൻ ഇ. മുടികൊഴിച്ചിൽ മാറ്റാൻ നല്ലതാണിത്. നാച്യുറലായി മുടിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് വൈറ്റമിൻ ഇ. ഇത് ഉൾപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നതും അതുപോലെ വൈറ്റമിൻ ഇ മുടിയിൽ തേയ്ക്കുന്നതും വളരെ നല്ലതാണ്.
മുടി വളർത്താൻ വളരെ മികച്ചതാണ് വെളിച്ചെണ്ണ. ഇതിലെ ഫാറ്റി ആസിഡ് മുടിയ്ക്ക് ഏറെ നല്ലതാണ്. മുടിയെ മൃദുവാക്കാനും അതുപോലെ ആവശ്യത്തിന് ജലാംശം നൽകാനും വെളിച്ചെണ്ണ സഹായിക്കും. മുടി വരണ്ട് പോകുന്നത് തടയാൻ വെളിച്ചെണ്ണ നല്ലതാണ്. വലിയ അളവിൽ ഇതിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് തലയോട്ടിയിൽ യീസ്റ്റ് ഉത്പ്പാദനം ഇല്ലാതാക്കാനും അതുപോലെ താരൻ പോലെയുള്ള പ്രശ്നങ്ങളെ അകറ്റാനും നല്ലതാണ്. മുടിയുടെ മിക്ക കേടുപാടുകൾ മാറ്റാൻ മികച്ചതാണ്. മാത്രമല്ല, ആൻ്റി മൈക്രോബയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഡൈ തയാറാക്കാൻ
ഇതിനായി ആദ്യമായി വേണ്ടത് രണ്ടോ മൂന്നോ സവാളയുടെ തൊലിയാണ്. ഇത് നന്നായി കഴുകി വെള്ളം കളഞ്ഞ് എടുക്കുക. ഇനി അടി കട്ടിയുള്ള ഒരു തവ സ്റ്റൗവിൽ വച്ച ശേഷം അതിലേക്ക് രണ്ട് ബദാം, സവാളയുടെ തൊലി, രണ്ട് ടേബിൾ സ്പൂൺ ഉലുവ എന്നിവ ചേർത്ത് നല്ല കറുത്ത നിറമാകുന്നത് വരെ ചൂടാക്കുക. അതിന് ശേഷം ഇതൊരു മിക്സിയിലിട്ട് പൊടിച്ച് എടുക്കാം. ഇനി ഈ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ഈ പൊടി എടുത്ത ശേഷം അതിലേക്ക് ഒരു വൈറ്റമിൻ ഇയും അൽപ്പും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇതൊരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ തേച്ച് പിടിപ്പിക്കാം. രണ്ട് മണിക്കൂറിന് ശേഷം ഇത് കഴുകി വ്യത്തിയാക്കാം.
CONTENT HIGHLIGHT: easy homemade hair dye using natural ingredients