സി​ഗററ്റുവലി കാരണം ചുണ്ടുകൾ കറുത്തോ ? ചുവപ്പിച്ചെടുക്കാൻ ഇവ ഉപയോഗിക്കൂ | dark lip pigmentation

പല ദുശീലങ്ങളും ചുണ്ടുകൾ കറുത്ത് പോകുന്നതിന് പ്രധാന കാരണമായി മാറുന്നുണ്ട്

ചുണ്ടുകൾ എപ്പോഴും മനോഹരമായി സൂക്ഷിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. എന്നാൽ നിങ്ങളുടെ പല ദുശീലങ്ങളും ചുണ്ടുകൾ കറുത്ത് പോകുന്നതിന് പ്രധാന കാരണമായി മാറുന്നുണ്ട്. പ്രത്യേകിച്ച് പുകവലി, അമിതമായ കാപ്പി, ചായ എന്നിവ കുടിക്കുന്നത്, ചുണ്ടുകൾക്ക് ചുറ്റുമുള്ള ചർമം പറിച്ചു നീക്കുന്നത്, ചുണ്ടുകൾക്കിടയിൽ കടിക്കുന്നത് തുടങ്ങിയ ചുണ്ടുകളുടെ ആരോഗ്യം നശിപ്പിക്കുന്ന കാര്യങ്ങളാണ്. മറ്റു ചിലർക്ക് ചില മരുന്നുകളുടെ പാർശ്വഫലമായും രോഗങ്ങൾ മൂല്യവും എല്ലാം ചുണ്ടുകൾ ഇങ്ങനെ കറക്കാറുണ്ട്. എന്നാൽ ഇവയെല്ലാം നമ്മുടെ വീട്ടിൽ തന്നെ വച്ച് മാറ്റാൻ കഴിയുന്നവയാണ്. ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കാൻ വളരെ നാച്വറലായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ നോക്കിയാലോ ?

ചെറുനാരങ്ങ

വിറ്റാമിൻ സിയുടെ കലവറയാണ് ചെറുനാരങ്ങ. അതുകൊണ്ടുതന്നെ ഇവ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇവയ്ക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. ചുണ്ടുകൾക്ക് ചുവപ്പ് നിറം ലഭിക്കാൻ ചെറുനാരങ്ങ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി കുറച്ചു ചെറുനാരങ്ങ നീര് എടുക്കുക. ഒരു പഞ്ഞി കൊണ്ട് ഇതിൽ മുക്കി ദിവസേന ചുണ്ടുകളിൽ പുരട്ടുക. 10 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാം. ഇത്തരത്തിൽ പതിവായി ചെയ്താൽ ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കും. എന്നാൽ നാരങ്ങാനീര് അമിതമായി പുരട്ടാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെതന്നെ പഞ്ഞികൊണ്ട് ചുണ്ടുകളിൽ ഉരയ്ക്കാനും പാടില്ല. ഇത് ചുണ്ടിന്റെ തൊലി പോകുന്നതിലേക്ക് നയിക്കും.

മാതളനാരങ്ങ

നിരവധി പോഷക ഗുണങ്ങൾ ഉള്ളതും രുചികരമായ പഴമാണ് മാതള നാരങ്ങ. ഫൈബറും വിറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും എല്ലാം അടങ്ങിയ മാതളനാരങ്ങ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ശരീരത്തെ പലവിധ രോഗങ്ങളിൽ നിന്ന് അകറ്റാൻ സഹായിക്കുകയും ചെയ്യും. അതുപോലെ തന്നെ ചുണ്ടുകളുടെ ആരോ​ഗ്യത്തിനും മാതാളനാരങ്ങ വളരെ നല്ലതാണ്. എന്നും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ചുണ്ടുകളുടെ നിറം വർദ്ധിക്കാൻ സഹായിക്കും. അതുപോലെ, ചർമ്മത്തിന് നല്ല തിളക്കം വർദ്ധിക്കാനും ഇത് സഹായിക്കുന്നതാണ്. മാതളനാരങ്ങയുടെ നീര് ചുണ്ടുകളിൽ പുരട്ടുന്നതും ചുണ്ടുകൾക്ക് നല്ല നിറം നൽകാൻ സഹായിക്കും.

ബീറ്റ്റൂട്ട്

പതിവായി ബീറ്റ്റൂട്ട് ഇട്ട് തിളപ്പിച്ചെടുത്ത വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിനും നല്ലതാണ്. അതുപോലെ, ചർമ്മത്തിന്റെ ആരോ​ഗ്യം വീണ്ടെടുക്കാൻ വളരെ നല്ലതാണ്. ഇതിനായി, ബീറ്റ്റൂട്ട് നല്ലപോലെ കഴുകി, വൃത്തിയാക്കി, ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇത് കുറച്ച് വെള്ളത്തിൽ തിളപ്പിക്കണം. ഈ വെള്ളത്തിൽ കുറച്ച് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നിങ്ങൾക്ക് കുടിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് നല്ലതാണ്.

ഈ വെള്ളം തയ്യാറാക്കി കുടിക്കാൻ മടിയുള്ളവരാണ് നിങ്ങളെങ്കിൽ, ബീറ്റ്റൂട്ടിന്റെ നീര് ചുണ്ടുകളിൽ പതിവായി പുരട്ടിയാലും മതി. ഇതും ചുണ്ടുകളുടെ ആരോ​ഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നതാണ്. കുറച്ച് വെണ്ണയിൽ ബീറ്റ്റൂട്ട് നീര് മിക്സ് ചെയ്യുക. അതിനുശേഷം, ഒരു ചെറിയ ചെപ്പിലേയ്ക്ക് ഇത് മാറ്റണം. പിന്നീട് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. നല്ലൊരു ലിപ് ബാം തയ്യാറായി! ഇത് പതിവായി ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളുടെ നിറം വർദ്ധിക്കാൻ സഹായിക്കുന്നതാണ്.

വെണ്ണ

എന്നും കിടക്കുന്നതിന് മുൻപ് ചുണ്ടിൽ കുറച്ച് വെണ്ണ തടവുക. ഇത് ചുണ്ടുകളെ നല്ലപോലെ മോയ്സ്ച്വർ ചെയ്യുന്നു. ചുണ്ടുകൾ വരണ്ട് പോകാതിരിക്കാൻ സഹായിക്കുന്നു. ഇത് ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കാൻ സഹായിക്കും.

സൂര്യപ്രകാശം

അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ചുണ്ടുകളുടെ ആരോ​ഗ്യം നശിപ്പിക്കും. അതിനാൽ, സൺപ്രൊട്ടക്ഷൻ ഉള്ള ലിപ് ബാം പതിവാക്കുന്നത് ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കാൻ സഹായിക്കുന്നതാണ്.