ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ. ഉണ്ണിമുകുന്ദന്റെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം നേടാനായി. ചിത്രത്തിനും വൻ സ്വീകാര്യയാണ്. വയലൻസിന്റെ കാര്യത്തിൽ മാർക്കോ ഇന്ത്യൻ സിനിമയിൽ തന്നെ മുന്നിട്ട് നിൽക്കും. ഇത്രയധികം വയലൻസ് രംഗങ്ങൾ നിറഞ്ഞ ഒരു ഇന്ത്യൻ ചിത്രം വേറെ ഇല്ല എന്ന് പറയാം. ചോര ചിന്തുന്ന രംഗങ്ങളാണ് ചിത്രത്തിൽ ആകെയുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ചിത്രത്തിൽ ഉഫയോഗിച്ച ചോരയുടെ അളവ് എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർടിസ്റ്റ് സുധി സുരേന്ദ്രൻ.
മേക്കപ്പ് ആർടിസ്റ്റ് എന്ന നിലയിൽ സ്പെഷൽ വർക്ക് ചെയ്യാൻ പ്രത്യേക ഇഷ്ടമുണ്ടെന്നും മാർക്കോയുടെ സബ്ജക്ട് ആണ് ഏറ്റവും കൂടുതൽ കണക്ട് ആയത് എന്നുമാണ് ഒരു ചാനൽ അഭിമുഖത്തിൽ മേക്കപ്പ് ആർടിസ്റ്റ് സുധി സുരേന്ദ്രൻ പറയുന്നത്. 240 ലിറ്റർ പ്രോസ്തറ്റിക് ബ്ലഡ് ആണ് സിനിമയ്ക്കായി ഒരുക്കിയത്. ഇത്ര അധികം ബ്ലഡ് ഉപയോഗിച്ച മറ്റൊരു മലയാള ചിത്രം ഇല്ലെന്നാണ് സുധി സുരേന്ദ്രൻ പറയുന്നത്. വലിയ ചിലവിൽ കൃത്രിമമായിട്ടാണ് ആ രക്തം ഉണ്ടാക്കിയെടുത്തത്. ആർടിസ്റ്റുകളുടെ മുഖത്തും ദേഹത്തുമെല്ലാം ധാരാളം ഉപയോഗിക്കേണ്ടതുകൊണ്ട് നല്ല പ്രോഡക്ടു തന്നെ വേണം. നിലത്ത് ഒഴിക്കാനും സെറ്റിന്റെ ഭാഗമായും ഒക്കെ ധാരാളം രക്തം വേണ്ടിവരും എന്നതിനാൽ തന്നെ രക്തത്തിന്റെ അളവ് വലിയ രീതിയിൽ ഉപയോഗിച്ചു എന്നും സുധി സുരേന്ദ്രൻ പറയുന്നു.
ഉണ്ണി മുകുന്ദന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണ തനിക്ക് ലഭിച്ചെന്നും സുധി സുരേന്ദ്രൻ പറയുന്നു. പല സീനിലും ഉണ്ണി മുകുന്ദന്റെ കണ്ണിന്റെ ഉള്ളിൽ വരെ ചോര കാണിക്കുന്നുണ്ട്.‘ഐ ബ്ലഡ്’ എന്ന പ്രോഡക്ട് ഉപയോഗിച്ചാണ് കണ്ണിന്റെ ഉള്ളിൽ ചോര ഇടുന്നത്. എല്ലാ ആർടിസ്റ്റുകളും ഇതു കണ്ണിലുപയോഗിക്കാൻ സമ്മതിക്കാറില്ല. പക്ഷെ അക്കാര്യത്തിൽ ഉണ്ണി നൽകിയ പിന്തുണ വലുതായിരുന്നു എന്നാണ് സുധി സുരേന്ദ്രന്റെ വാക്കുകൾ.
ജയ ജയ ജയ ജയഹേ, ഫാലിമി, വാഴ, ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ഫീൽ ഗുഡ് ചിത്രങ്ങൾക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും വയലന്റ് സിനിമയുടെ ഭാഗമായിക്കൊണ്ടാണ് സുധി സുരേന്ദ്രൻ മലയാള സിനിമയിൽ തന്റെ കസേര ഉറപ്പിക്കുന്നത്.