Entertainment

കീർത്തി സുരേഷ് – വരുൺ ധവാൻ ചിത്രം ബേബി ജോണിനും കാലിടറി; ബോളിവുഡിൽ ‘മാർക്കോ’ കുതിക്കുന്നു

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മാർക്കോ’. വലിയ ഹൈപ്പിൽ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ തന്നെയാണ് സ്വന്തമാക്കിയത്. യുവ പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഹിന്ദി പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പക്ഷെ മാർക്കോയുടെ ഈ കുതിപ്പ് തിരിച്ചടിയായത് കീർത്തി സുരേഷ് – വരുൺ ധവാൻ ചിത്രം ബേബി ജോണിനാണ്.

ഒരുപാട് പ്രതീക്ഷകളുമായി എത്തിയ വരുൺ ധവാൻ–കീർത്തി സുരേഷ് ചിത്രം ‘ബേബി ജോണി’ന് ബോക്സ്ഓഫിസിൽ കാലിടറുകയാണ്. ബോളിവുഡ് ഹംഗാമ പങ്കുവച്ച പുതിയ അപ്ഡേറ്റ് പ്രകാരം ബോളിവുഡിലെ ക്രിസ്മസ് റിലീസ് വരുണ്‍ ധവാന്‍റെ ബേബി ജോണിന് പകരം പലയിടത്തും തീയറ്റര്‍ ഉടമകള്‍ മാര്‍ക്കോ ഷോ ഇട്ടുവെന്നാണ് വിവരം. തമിഴില്‍ ദളപതി വിജയ് നായകനായി എത്തിയ തെറിയുടെ റീമേക്കാണ് ബേബി ജോണ്‍. ക്രിസ്തുമസ് ദിനത്തില്‍ ഇറങ്ങിയ ചിത്രം മോശം പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചതെന്നാണ് റിപ്പോർട്ടുകൾ. 180 കോടിയാണ് സിനിമയുടെ ബജറ്റ്. എന്നാൽ ഇതുവരെ 19 കോടിമാത്രമാണ് ചിത്രത്തിന് നേടാൻ കഴിഞ്ഞത്. ആദ്യദിനം 11 കോടി കലക്ട് ചെയ്തെങ്കിലും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു. പ്രതികരണങ്ങൾ മോശമായതോടെ രണ്ടാം ദിനം മുതൽ കലക്‌ഷൻ പകുതിയായി കുറഞ്ഞു. തമിഴില്‍ തെറി സംവിധാനം ചെയ്ത അറ്റ്ലിയാണ് ബേബി ജോണ്‍ നിര്‍മ്മാതാവ്.

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിൽ ഇടം പിടിച്ചിട്ടുണ്ട്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ് തന്നെയാണ് സിനിമ അൻപത് കോടി ക്ലബ്ബിലെത്തിയെന്ന വാർത്ത പുറത്തുവിട്ടത്. അഞ്ച് ദിവസം കൊണ്ടാണ് മാർക്കോ ഈ നേട്ടം കൈവരിച്ചത്. ഇതേ കുതിപ്പ് തുടർന്നാൽ സിനിമ വേഗം 100 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ.