മുഖകാന്തി കൂട്ടാൻ എന്തെല്ലാം ഉൽപ്പന്നങ്ങളാണ് നാം ദിവസവും ഉപയോഗിക്കുന്നത്. എന്നാൽ പ്രകൃതിദത്തമായ വഴിയിലേക്ക് കടന്നു നോക്കൂ. പണച്ചിലവില്ലാതെ ചർമകാന്തി സംരക്ഷിച്ചെ ചർമത്തിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാം. അതിനായി ഏറ്റവും മികച്ച ഉത്പന്നമാണ് ചിയ വിത്തുകൾ. ചിയ സീഡ്സിൻ്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാവുന്നതാണ്. എന്നാൽ ഇത് ചർമത്തിലും പ്രയോഗിക്കാം എന്ന് അധികം ആർക്കും അറിയില്ല. മുഖക്കുരു, കരുവാളിപ്പ്, ചുളിവുകള്‍, പാടുകള്‍ തുടങ്ങി പല വിധം പ്രശ്നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ ചിയ വിത്തുകൾക്ക് കഴിയും.
ചിയ സീഡുകൾ വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്ത് അൽപം തേൻ കൂടി ഇതിൽ കലർത്തി മുഖത്ത് പുരട്ടുന്നത് ചർമ കാന്തി കൂട്ടാൻ സഹായിക്കും. ചര്‍മ്മത്തിലെ പാടുകളെയും ചുളിവുകളെയും തടയാനും ചര്‍മ്മം തിളങ്ങാനും ഇവ സഹായിക്കും. തേൻ ചര്‍മ്മ സംരക്ഷണത്തിനായി പണ്ടു മുതലേ ഉപയോഗിക്കുന്ന ഒന്നാണ്. തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ സഹായിക്കും. പ്രകൃതിദത്തമായതിനാൽ തേന്‍ മുഖത്ത് പുരട്ടുന്നതുകൊണ്ട് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല. തേനും ചിയ വിത്തുകളും ചേർന്ന മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടു തവണ വരെ ചെയ്യുന്നത് ചര്‍മ്മത്തില്‍ മാറ്റം ഉണ്ടാക്കാന്‍ സഹായിച്ചേക്കാം.
റോസ് വാട്ടറിലോ അല്ലെങ്കിൽ പാലിലോ ചിയ വിത്തുകൾ കുതിർത്ത ശേഷം അരച്ചെടുത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. പാൽ അലർജി ഉള്ളവർ അത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. മുഖം ഹൈഡ്രേറ്റഡ് ആയി തിളക്കം നിലനിർത്താൻ ഈ പാക്കുകൾ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ചിയ എന്ന ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ് വെള്ളം ദഹനത്തിനും മികച്ചതാണ്. ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.