Entertainment

രണ്ടാമൂഴം സിനിമയാകും! എംടിയുടെ ആഗ്രഹം നിറവേറ്റാൻ കുടുംബം

എം.ടി.വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം നോവൽ സിനിമയാക്കാൻ തയ്യാറെടുക്കുകയാണ് എം ടി യുടെ കുടുംബം. മഹാഭാരത്തെ അടിസ്ഥാനമാക്കി എഴുതിയ ഈ നോവൽ സിനിമയാക്കണമെന്ന് വിഖ്യാത സാഹിത്യകാരന്റെ വലിയ ആഗ്രഹമായിരുന്നു. അതാണ് എംടിയുടെ മരണശേഷം ഇപ്പോൾ നിറവേറാൻ പോകുന്നത്. എംടിയുടെ സ്വപ്ന പ്രൊജക്റ്റ് ആയിരുന്നു രണ്ടാമൂഴം മരണത്തോടെ ഇത് അവതാളത്തിലാകും എന്നാണ് എല്ലാവരും ചിന്തിച്ചത്. എന്നാൽ അങ്ങനെയല്ല അത് നടക്കും എന്ന വാക്കാണ് എംടിയുടെ കുടുംബം നൽകുന്നത്.

പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന പ്രശ‌സ്ത സംവിധായകനാണ് എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുക്കുക. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. രണ്ടാമൂഴം സിനിമയ്‌ക്ക് ആവശ്യമായ എല്ലാ റഫറൻസ് മെറ്റീരിയലുകളുടെയും വിശദാംശങ്ങൾ, സീനുകൾ എങ്ങനെയായിരിക്കണം കഥാപാത്രങ്ങളുടെ വേഷവിധാനവും മാനറിസവും പ്രോപ്പർട്ടികളുടെ വിവരണം വരെ വളരെ വിശദമായി പറയുന്ന വീഡിയോ ഡോക്യുമെൻ്റ് ഉൾപ്പടെ ഒരു സംവിധായകന് തിരക്കഥ കൈമാറിക്കഴിഞ്ഞു. ഈ സംവിധായകൻ മണി രത്നം ആണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് അങ്ങനെയല്ല എന്ന മകൾ അശ്വതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തുതന്നെയായാലും എംടിയുടെ ഡ്രീം പ്രൊജക്റ്റ് യാഥാർത്ഥ്യമാകാൻ പോകുന്നു രണ്ടാമൂഴം സ്ക്രീനിൽ കാണാൻ കഴിയും എന്ന സന്തോഷത്തിലാണ് പ്രേക്ഷകർ.

മണിരത്‌നം രണ്ടാമൂഴം ചെയ്യണം എന്നായിരുന്നു എംടിയുടെ ആഗ്രഹം. ആറ് മാസത്തോളം അദ്ദേഹത്തിനായി എംടി കാത്തിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വലിയ കാന്‍വാസില്‍ ചെയ്യേണ്ട സിനിമയായതിനാല്‍ തന്നെ കൂടുതല്‍ സമയം വേണം എന്ന് മണിരത്‌നം ആവശ്യപ്പെടുകയായിരുന്നു.

രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇം​ഗ്ലീഷിലും വർഷങ്ങൾക്ക് മുൻപ് തന്നെ എംടി എഴുതി പൂർത്തിയാക്കിയതാണ്. അഞ്ച് മണിക്കൂറോളം ദൈർഘ്യമുണ്ട്. ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണ കമ്പനിയും എംടിയുടെ കുടുംബവും ഉൾപ്പെടുന്ന കമ്പനിയും ചേർന്നാകും സിനിമ നിർമിക്കുക. വൈകാതെ തന്നെ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.