തന്റെ ജീവിതത്തിൽ സന്തോഷം നിറച്ചതിന് നടൻ വിജയ്‌യ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ നാസർ. കോമയിൽ കഴിഞ്ഞിരുന്ന തന്റെ മകൻ നൂറുൾ ഹസൻ ഫൈസൽ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരാൻ കാരണമായത് വിജയ് അഭിനയിച്ച ചിത്രങ്ങളും പാട്ടുകളും കണ്ടിട്ടാണെന്നും. നൂറുൾ ഹസൻ ഒരു വലിയ വിജയ് ഫാനാണെന്നും ഒരു അഭിമുഖത്തിലൂടെ നാസർ പറഞ്ഞു.
അറിയാൻ സാധിക്കാത്ത ചില കാരണങ്ങൾ കൊണ്ട് തന്റെ മകൻ നൂറുൾ ഹസൻ 14 ദിവസം കോമയിലായിപ്പോയി. അവനെ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് അവൻ ഉണർന്നപ്പോൾ ആദ്യം വിളിച്ചത് അമ്മയെന്നോ അപ്പയെന്നോ ആയിരുന്നില്ല, വിജയ് എന്നായിരുന്നു. അവന് ആ പേരിൽ ഒരു സുഹൃത്തുണ്ട്. അവന്റെ ഓർമ തിരിച്ചുകിട്ടിയതിൽ ഒരുപാട് സന്തോഷിച്ചു. എന്നാൽ ആ സുഹൃത്തിനെ കണ്ടപ്പോൾ നൂറുൾ തിരിച്ചറിയാതെ വെറുതേ നോക്കിക്കൊണ്ടിരുന്നു. അതോടെ തങ്ങളെല്ലാവരും ആശയക്കുഴപ്പത്തിലായെന്നും നാസർ പറഞ്ഞു.
പിന്നീട് തന്റെ സൈക്കോളജിസ്റ്റ് കൂടിയായ ഭാര്യക്കാണ് അവൻ ഏത് വിജയ്‌യേയാണ് ഉദ്ദേശിക്കുന്നത് ആദ്യം മനസിലായത്. ഞങ്ങൾ നടൻ വിജയ്‌യുടെ ചിത്രം കാണിച്ചപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു. അതോടെ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളും പാട്ടുകളും നൂറുളിനെ കാണിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇക്കാര്യമറിഞ്ഞ വിജയ് അവനെ കാണാൻ താത്പര്യം പ്രകടിപ്പിക്കുകയും. ഒന്നിൽക്കൂടുതൽ തവണ അവർ തമ്മിൽ കാണുകയും ഇരുവരും തമ്മിൽ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. ഗിറ്റാർ വായിക്കുമെന്ന് അറിയുമായിരുന്നതിനാൽ വിജയ് അവന് ഒരു യൂക്കലേലീ സമ്മാനമായി നൽകുകപോലും ചെയ്തു. അതുകൊണ്ട് വിജയ്ക്ക് എന്റെയും മകന്റെയും ജീവിതത്തിൽ വളരെ വലിയ സ്ഥാനമുണ്ട്. നാസർ പറഞ്ഞു.
STORY HIGHLIGHT: Nassar says son called for Vijay after waking from a 14-day coma