Kozhikode

സനദ് സ്വീകരിക്കാന്‍ ഒരാഴ്ച മാത്രം; മഹല്ല് ഖത്തീബിന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം| mahal-khatib-died

കോഴിക്കോട് മലാപ്പറമ്പില്‍  കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ മഹല്ല് ഖത്തീബിന് ദാരുണാന്ത്യം. വയനാട് ചെന്നലോട് മഹല്ല് ഖത്തീബായി പ്രവര്‍ത്തിക്കുന്ന കാപ്പാട് ചെട്ടിയാം വീട്ടില്‍ താഹിറിന്റെ മകന്‍ അത്തോളി കുടക്കല്ല് ദിറാര്‍ ഹൗസില്‍ മുഹമ്മദ് നഈം ഫൈസി(23)യാണ് മരിച്ചത്. കോഴിക്കോട് മലാപ്പറമ്പില്‍  കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൂടെ യാത്ര ചെയ്തിരുന്ന അരീക്കോട് സ്വദേശി ജുനൈദ് ഫൈസി പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് നഈം ഫൈസി പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജില്‍ നിന്നും ജനുവരി ആദ്യവാരം സനദ് സ്വീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. എസ്‌കെഎസ്എഫ് സര്‍ഗ പരിപാടിയുടെ പ്രചരണം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കാപ്പാട് മഖാം പള്ളിയില്‍ ഖബറടക്കി. മാതാവ്: റൈഹ. സഹോദരങ്ങള്‍: മുഹമ്മദ് തമീം, മുഹമദ് ജനിം.

 

content highlight : mahal-khatib-died-in-a-bike-accident