ഫോറന്‍സിക്കിന് ശേഷം ടൊവിനോയെ നായകനാക്കി അനസ് ഖാനും അഖില്‍ പോളും ഒരുക്കുന്ന സിനിമയാണ് ഐഡന്റിറ്റി. കുറ്റാന്വേഷണ കഥ പറയുന്ന സിനിമയില്‍ തൃഷയാണ് നായിക. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയ്‌ലര്‍ ചര്‍ച്ചയായി മാറിയിരുന്നു. ഐഡന്റിറ്റി റീലീസ് കാത്തു നില്‍ക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തന്റെ കരിയറിലെ ബിഗ് ബ്രേക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്.
ഒരു ദിവസം 13 കഥകളൊക്കെ കേട്ടിട്ടുണ്ട്. അതൊട്ടും ഹെല്‍ത്തിയല്ല. അവസാനം കഥ പറയാന്‍ വന്നയാള്‍ കാത്തിരിക്കേണ്ടി വന്നുവെന്ന് പറഞ്ഞ് എന്നെ ചീത്ത വിളിച്ചിട്ട് പോയി. ഞാന്‍ രാവിലെ മുതല്‍ ഇത് തന്നെയാണ് ചേട്ടാ ചെയ്യുന്നത്, എന്നെ ചീത്ത പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്ന് ഞാന്‍ ചോദിച്ചുവെന്നും താരം പറയുന്നു.
”പ്ലസ് ടുവില്‍ പഠിക്കുന്നൊരു പയ്യന്‍ കഥ പറയാന്‍ വന്നിരുന്നു. അവനെ വൈറ്റില കെആര്‍ ബേക്കറിയില്‍ കൊണ്ടു പോയി പഫ്‌സും ചായയും വാങ്ങി കൊടുത്താണ് കഥ കേട്ടത്. ആരാണ് നമുക്കുള്ള ബിഗ് ബ്രക്ക് കൊണ്ടു വരിക എന്നറിയില്ലല്ലോ. മൊയ്തീന് ശേഷം ഒന്നൊന്നര മാസം കഥ കേള്‍ക്കല്‍ തന്നെയായിരുന്നു. ഗോദയും ഗപ്പിയും മെക്‌സിക്കന്‍ അപാരതയുമൊക്കെ അങ്ങനെയാണ് സംഭവിക്കുന്നത്. 90 ശതമാനവും നായക വേഷങ്ങളായിരുന്നു. അപ്പോഴാണ് രാജുവേട്ടന്‍ പറഞ്ഞത് എനിക്ക് മനസിലാകുന്നത്. ഇല്ലുമിനാറ്റിയാണ് അറിയാലോ?” എന്നാണ് ടൊവിനോ പറയുന്നത്.
തന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നല്‍കിയത് എന്നു നിന്റെ മൊയ്തീന്‍ ആണെന്നാണ് ടൊവിനോ പറയുന്നത്. പൃഥ്വിരാജും പാര്‍വ്വതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തിയ സിനിമയില്‍ സഹനടനായിരുന്നു ടൊവിനോ. ഈ സിനിമയ്ക്ക് പിന്നാലെ തന്നോട് ഇനി ക്യാരക്ടര്‍ റോളുകള്‍ ചെയ്യരുതെന്ന് പൃഥ്വിരാജ് പറഞ്ഞുവെന്നാണ് ടൊവിനോ പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ മനസ് തുറന്നത്.
”ഉറപ്പായിട്ടും എന്റെ കരിയറിലെ ബിഗ് ബ്രേക്ക് തന്നെയായിരുന്നു എന്നു നിന്റെ മൊയ്തീന്‍. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇപ്പോള്‍ വരുന്ന എല്ലാ സിനിമകളുടേയും തുടക്കം അതായിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ രാജുവേട്ടന് മെസേജ് അയച്ചത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്നെ റഫര്‍ ചെയ്തതിന് നന്ദി എന്നാണ് മെസേജ് അയച്ചത്. അദ്ദേഹമാണ് എന്നെ ആ കഥാപാത്രത്തിനായി നിര്‍ദ്ദേശിച്ചത്. നല്ല പിന്തുണയുമായിരുന്നു.” ടൊവിനോ പറയുന്നു.
സിനിമ എനിക്ക് നന്നായി വര്‍ക്ക് ആയെന്നും പല മൊമന്റിലും കരച്ചിലൊക്കെ വരുന്നുണ്ടെന്നും ചേട്ടന്റേയും പാര്‍വ്വതിയുടേയും പെര്‍ഫോമന്‍സും നന്നായിട്ടുണ്ടെന്ന് മെസേജ് അയച്ചു. എന്റെ കഥാപാത്രവും വര്‍ക്കായെന്ന് കണ്ടവര്‍ പറയുന്നുണ്ട്. ഒരുപാട് നന്ദി. ഇനി എനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമായിരിക്കുമെന്നും ഞാന്‍ പറഞ്ഞു. നീ ഇനി ക്യാരക്ടര്‍ റോളുകള്‍ ചെയ്യേണ്ട എന്നായിരുന്നു രാജുവേട്ടന്റെ മറുപടി എന്നാണ് ടൊവിനോ പറയുന്നത്.
അതെന്താ, നല്ല ക്യാരക്ടര്‍ റോളുകള്‍ വന്നാല്‍ ചെയ്യുകയല്ലേ വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. അതല്ല, നീ ഇനി ചെയ്യേണ്ടത് നായക വേഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മളോടുള്ള സ്‌നേഹം കൊണ്ട് ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണെന്നാണ് അപ്പോള്‍ കരുതിയത്. അതിന് ശേഷം ആര് കഥ പറയാന്‍ വന്നാലും ഞാന്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നു.
content highlight: tovino-thomas-speaks