ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലി, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണാ രേഖാചിത്രം. ചിത്രം 2025 ജനുവരി 9ന് തിയേറ്ററുകളിൽ എത്തും. ‘ദി പ്രീസ്റ്റ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിച്ച് നിർമ്മിക്കുന്ന വമ്പൻ ബജറ്റിലുള്ള ഒരു സിനിമയാണ്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ അപ്ഡേറ്റുകളും ട്രെയിലറും പുറത്തിറങ്ങിയപ്പോൾ മുതൽ സിനിമ ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആണ് എന്ന നിലയിൽ ആണ് ആഘോഷിക്കപ്പെട്ടത്. എന്നാൽ ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്നാണി ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് ‘രേഖാചിത്രം’ എന്നും ആസിഫ് അലി പറയുന്നു. ആസിഫിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ചർച്ചകൾക്ക് ശക്തി കൂട്ടുന്നതാണ്. സിനിമയുടെ ട്രെയിലറിൽ 1985 ല്‍ പുറത്തിറങ്ങിയ ചിത്രം കാതോടു കാതോരത്തിന്‍റെ ഒരു ഗാന ചിത്രീകരണ രംഗം പുനരാവിഷ്കരിച്ചിട്ടുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയ കണ്ടെത്തൽ.
ഒരു സിനിമ സെറ്റില്‍ നടക്കുന്ന കൊലപാതകമാണ് ചിത്രം എന്ന രീതിയില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ആ സൂചനയോട് അടുക്കുന്ന ദൃശ്യങ്ങളാണെങ്കിലും ഏത് രീതിയിലാണ് മമ്മൂട്ടി നായകനായി എത്തിയ 1985ലെ കാതോട് കാതോരം ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഈ ചോദ്യങ്ങൾക്ക് ചിത്രത്തിന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോ തന്നെ ഒരു അഭിമുഖത്തിൽ ഒരു മറുപടി നൽകിയിരുന്നു. ചിത്രത്തിൽ മമ്മൂക്കയെ കുറിച്ചുള്ള സർപ്രൈസ് എലമെന്റുകൾ ഉണ്ടാകും. സിനിമയെ കുറിച്ച് വ്യക്തിപരമായി ആലോചിക്കുമ്പോൾ സർപ്രൈസായി തോന്നുന്ന കാര്യങ്ങളാണ് അത്. രേഖാ ചിത്രത്തെ വ്യത്യസ്തമാക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കും അതെന്നായിരുന്നു ജോഫിന്റെ പ്രതികരണം.
പൊലീസ് ഗെറ്റപ്പിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രേക്ഷകർ ഇതുവരെ കാണാത്ത വിധത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകൾക്കും ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവക്കും ഗംഭീര വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സെക്കൻഡ് ലുക്കും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.