വിനോദ രംഗത്തെ രണ്ട് സെലിബ്രിറ്റികൾ വിവാഹം ചെയ്ത് ആ ബന്ധം നിലനിർത്തുകയെന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നടൻ മോഹൻ ശർമ്മ. ഒരുപാട് അഡ്ജസ്റ്റ്മെന്റ് ചെയ്യണം. പരസ്പര വിശ്വാസവും സ്നേഹവും വേണം. ഞങ്ങളുടെ ബന്ധത്തിൽ പത്ത് വർഷമാണ് അത് സാധിച്ചത്. അതിന് ശേഷം കഴിഞ്ഞില്ല, അതിനാൽ പിരിഞ്ഞു. പിരിഞ്ഞിട്ട് മുപ്പത് വർഷത്തിന് മുകളിലായി. ഇതൊന്നും സംസാരിക്കേണ്ടതില്ലായിരുന്നു, പക്ഷെ സംസാരിച്ച് പോയെന്ന് മോഹൻ ശർമ്മ പറയുന്നു.
ലക്ഷ്മിക്ക് വിവാഹം ചെയ്ത ശേഷവും ചില ബന്ധങ്ങളുണ്ടായെന്നും ലക്ഷ്മിയുടെ ആദ്യ വിവാഹബന്ധത്തിലെ മകൾ ഐശ്വര്യ ഭാസ്കരനാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും മോഹൻ ശർമ്മ വെളിപ്പെടുത്തി. പരാമർശം വലിയ തോതിൽ ചർച്ചയായി. പഴയ കാര്യങ്ങൾ പറഞ്ഞ് നടിയെ അപകീർത്തിപ്പെടുത്തുന്നെന്ന് മോഹൻ ശർമ്മയ്ക്കെതിരെ വിമർശനം വന്നു.
വിമർശനങ്ങൾ വ്യാപകമായതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മോഹൻ ശർമ്മ. പറഞ്ഞത് തെറ്റായിപ്പോയെന്ന് മോഹൻ ശർമ്മ തുറന്ന് പറഞ്ഞു. ഇത്രയും വർഷങ്ങൾ കഴിഞ്ഞ് അതേക്കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ല. പക്ഷെ അഭിമുഖം ചെയ്ത കുട്ടി പത്മിനിയെ എനിക്ക് 40 വർഷമായി അറിയാം. അവർ ഫോൺ ചെയ്ത് ഒരു ഇന്റർവ്യൂ വേണമെന്ന് പറഞ്ഞു. അവർ ചോദിച്ചതിനാണ് ഞാൻ മറുപടി നൽകിയത്.
നിങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ അമ്മ മറ്റാരോടോ ഫോണിൽ സംസാരിക്കുന്നുണ്ടെന്നാണ് ഐശ്വര്യ മോഹൻ ശർമ്മയോട് വെളിപ്പെടുത്തിയത്. അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും മോഹൻ ശർമ്മ അഭിമുഖത്തിൽ സംസാരിച്ചു. ഇതേക്കുറിച്ച് ലക്ഷ്മിയോട് സംസാരിച്ചില്ല. കാരണം അപ്പോഴേക്കും ഞങ്ങൾ രണ്ട് മുറിയിൽ താമസമായിട്ടുണ്ട്. താൻ ആ വീട്ടിൽ നിന്നും ഇറങ്ങുകയാണ് ചെയ്തതെന്ന് മോഹൻ ശർമ പറയുന്നു. ഐശ്വര്യക്ക് അന്ന് പന്ത്രണ്ട് വയസാണ്.
അവൾ കള്ളം പറയുമെന്ന് കരുതുന്നില്ലെന്നും മോഹൻ ശർമ്മ വ്യക്തമാക്കി. ആ പത്ത് വർഷക്കാലം എന്റെ ജീവിതത്തിലെ സന്തോഷകരമല്ലാത്ത അധ്യായമാണ്. ആ കാലം പാഴായി. അതേക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നും മോഹൻ ശർമ്മ വ്യക്തമാക്കി. ഐശ്വര്യയെ താൻ ഉപദേശിച്ചതാണ്. അവളത് സ്വീകരിച്ചില്ല. ചില കാര്യങ്ങളിൽ അവളും തെറ്റ് ചെയ്തെന്ന് കരുതുന്നു. ഇപ്പോൾ വല്ലപ്പോഴും ഫോൺ ചെയ്ത് സംസാരിക്കും എന്നതിനപ്പുറം ഇപ്പോൾ അടുപ്പമില്ലെന്നും ഐശ്വര്യ തന്റെ സ്വന്തം മകൾ അല്ലെന്നും മോഹൻ ശർമ്മ ചൂണ്ടിക്കാട്ടി.
വിവാഹ മോചന സമയത്ത് ഐശ്വര്യയുടെ മേൽ തനിക്ക് അവകാശ വാദം ഉന്നയിക്കാൻ പറ്റില്ലെന്ന് വക്കീൽ പറഞ്ഞു. ആ സമയത്ത് അവൾക്ക് നല്ല ഭാവി ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അവൾ ഒരു നല്ല പയ്യനെ വിവാഹം ചെയ്ത് സെറ്റിൽഡ് ആകണം, നടി ആകരുതെന്ന് കരുതി. ബയോളജിക്കൽ അച്ഛൻ അല്ലാത്തതിനാൽ ഐശ്വര്യയെ തനിക്കൊപ്പം വിടാൻ നിയമപരമായി കഴിയില്ലായിരുന്നു. ഐശ്വര്യക്കും തനിക്കൊപ്പം വരാൻ താൽപര്യമില്ലായിരുന്നെന്നും മോഹൻ ശർമ്മ വ്യക്തമാക്കി. ബിഹൈന്റ് വുഡ്സ് തമിഴിനോടാണ് പ്രതികരണം.
content highlight: mohan-sharma-open-up-about-his-revelation-about-ex-wife-lakshmi