അമൽ നീരദ് സംവിധാനം ചെയ്ത് ഒരിടവേളയ്ക്കു ശേഷം ജ്യോതിർമയി സിനിമയിലേക്ക് തിരിച്ചു വന്ന ചിത്രമാണ് ബോഗയ്‌ൻവില്ല. തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം ഒടിടിയിലും എത്തിയിരുന്നു. മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ സ്ട്രീം ചെയ്യുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇപ്പോൾ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബോഗയ്‍ൻവില്ലയ്‍ക്ക് ആകെ ആഗോളതലത്തില്‍ 36.48 കോടി രൂപയാണ് ലഭിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 16.30 കോടി രൂപയും നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായതിനാല്‍ ബോഗയ്‍ൻവില്ല വൻ വിജയമാണ് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ ആറ് കോടിക്ക് മുകളിലായിരുന്നു. ചിത്രത്തില്‍ ഫഹദും ഷറഫുദ്ദീനും നിര്‍ണായക കഥാപാത്രങ്ങളായുണ്ടെങ്കിലും ജ്യോതിര്‍മയിയെ ചുറ്റിപ്പറ്റിയാണ് ബോഗൻവില്ലയില്‍ എന്ന സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസ് എഴുതിയ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസുമായി ചേർന്നാണ്. ‘ഭീഷ്‌മപർവ്വം’ ഛായാഗ്രഹണം നിർവ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ.
അമൽ നീരദ് പ്രൊഡക്ഷൻസിൻറേയും ഉദയ പിക്ചേഴ്സിൻറേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിച്ചത്. എഡിറ്റർ: വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ. സൗണ്ട് ഡിസൈൻ: തപസ് നായക്. കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്. മേക്കപ്പ്: റോണക്സ് സേവ്യർ. കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്. അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ.