ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള നടിമാരിലൊരാളാണ് ദീപിക പദുക്കോൺ. ദീപികയ്ക്കും രൺവീർ സിങ്ങിനും മകൾ പിറന്നത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. സെപ്റ്റംബർ എട്ടിനായിരുന്നു ദീപികയും രൺവീറും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റത്. ദുവ എന്നാണ് മകളുടെ പേര്. മകൾ ജനിച്ചതിന് ശേഷം നാളുകളായി ദീപിക പൊതുവേദിയിൽ ഒന്നും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ഇപ്പോൾ അഭിനയത്തിൽ നിന്നും കുറച്ചുകാലത്തേക്ക് വിട്ടുനിൽക്കും എന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ദീപികയുടെ ഈ ഇടവേള എടുക്കൽ കൽക്കി സിനിമയുടെ രണ്ടാം ഭാഗത്തെ ബാധിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.
കൽക്കി 2898 എ.ഡി.യുടെ വമ്പൻ വിജയത്തിനുശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ, ആ കാത്തിരിപ്പ് ഇനിയും നീളും. 2025-ൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കേണ്ടതാണെങ്കിലും, അത് ഇനിയും വൈകുമെന്നാണ് സൂചന. ചിത്രത്തിലെ നായികയായ ദീപിക ഇടവേള എടുക്കുകയാണെങ്കിൽ അതു മുഴുനീള സിനിമ ചിത്രീകരണത്തെ ബാധിക്കും. അടുത്തിടെ ദീപികയും രൺവീർ സിങ്ങും നടത്തിയ ഒരു പത്രസമ്മേളനത്തിനിടെ കൽക്കി ടുവിന്റെ അപ്ഡേറ്റുകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദീപിക തൽക്കാലം മകൾക്കാണ് മുൻഗണന എന്ന രീതിയിൽ മറുപടി നൽകിയത്.
മകൾ ദുവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഏറ്റ ജോലികൾ പെട്ടെന്ന് പൂർത്തീകരിക്കാൻ ഉദ്ദേശ്യമില്ല, തന്റെ കൊച്ചു രാജകുമാരിയെ ഒരു പരിചാരകയ്ക്കൊപ്പം വിടാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അമ്മ എന്നെ വളർത്തിയതുപോലെ മകളെ ഞാനും വളർത്തുമെന്നും ആയിരുന്നു മാധ്യമങ്ങളോട് ദീപികയുടെ മറുപടി.
ഈവർഷം ജൂണിൽ പുറത്തിറങ്ങിയ കൽക്കി 2898 എ.ഡി.യിൽ പ്രഭാസ്, ദീപിക, കമൽഹാസൻ, അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനയിച്ചിരുന്നു. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ ലോകവ്യാപകമായി വാരിക്കൂട്ടിയത് 1000 കോടി രൂപ. കൽക്കിയിലെ ദീപികയുടെ സ്വാഭാവിക അഭിനയം വലിയതോതിൽ പ്രകീർത്തിക്കപ്പെട്ടിരുന്നു.