പ്രഖ്യാപനം മുതല്‍ ആരാധകര്‍ കാത്തിരുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പന്‍’ ചിത്രീകരണം ആരംഭിച്ചു. നീണ്ടുനിന്ന പ്രതിസന്ധികള്‍ക്കൊടുവില്‍, പൂജപ്പുര സെൻട്രൽ ജയിൽ വളപ്പില്‍ ചിത്രീകരണം ആരംഭിച്ചു. അഭിനയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ശേഷം ലഭിച്ച കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടും കൂടിയാണ് സുരേഷ് ഗോപി ഷൂട്ടിങ്ങിനായി എത്തിയിരിക്കുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. കോട്ടയം, പാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടൊരു രംഗമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചിപ്പോൾ നടക്കുന്നത്. രണ്ട് ദിവസമാണ് തിരുവനന്തപുരത്ത് ചിത്രീകരണം ഉണ്ടാവുക. ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
കുറേ വര്‍ഷങ്ങളായി മലയാള സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷത്തില്‍ എത്തുമ്പോള്‍ ചെറുതല്ലാത്ത ആവേശം തന്നെ മലയാളികള്‍ക്കുണ്ട് എന്നതാണ് വാസ്തവം. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. സുരേഷ് ഗോപി എന്ന നടനിലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടെയ്‍നറായി ആവും ചിത്രത്തിൻ്റെ അവതരണം. വലിയ മുതൽമുടക്കിൽ വിശാലമായ കാന്‍വാസില്‍ വലിയ താരനിരയുടെ അകമ്പടി ചിത്രത്തിലുണ്ടാവും.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും മറ്റ് നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഒറ്റക്കൊമ്പനില്‍ അണിനിരക്കുന്നുണ്ട്. ഷിബിൻ ഫ്രാൻസിസിൻ്റേതാണു രചന.
ഗാനങ്ങൾ വയലാർ ശരത്ചന്ദ്ര വർമ്മ, സംഗീതം ഹർഷവർദ്ധൻ രമേശ്വർ, ഛായാഗ്രഹണം ഷാജികുമാർ,എഡിറ്റിംഗ് വിവേക് ഹർഷൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ അനീഷ് തൊടുപുഴ, ക്രിയേറ്റീവ് ഡയറക്ടർ സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് കെ ജെ വിനയൻ, ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജർ പ്രഭാകരൻ കാസർഗോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, കോ പ്രൊഡ്യൂസേർസ് ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത്. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ റോഷൻ.
CONTENT HIGHLIGHT: suresh gopi in ottakomban shooting set