നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സമ്മാനിച്ച വെബ് സീരീസ് ആണ് സ്ക്വിഡ് ഗെയിം. 2021 കോവിഡ് കാലത്തായിരുന്നു സീരിസിന്റെ ആദ്യ ഭാഗത്തിന്റെ സ്ട്രീമിങ്. അന്ന് വലിയ ജനപ്രീതിയാണ് സ്ക്വിഡ് ഗെയിം നേടിയത്. റിലീസിന് ശേഷമുള്ള ആദ്യ മാസം 1.65 ബില്യണിലധികം കാഴ്ചക്കാരായിരുന്നു സ്ക്വിഡ് ഗെയിമിനെ സ്വാഗതം ചെയ്തത്. കൊറിയൻ ഡ്രാമ അഥവാ കെ–ഡ്രാമ എന്ന വിഭാഗത്തിൽ പെട്ടതാണ് സ്ക്വിഡ് ഗെയിം.
സാമ്പത്തിക നേട്ടത്തിനായി ഒരുകൂട്ടം ആളുകൾ വെല്ലുവിളി നിറഞ്ഞ ഗെയിമുകളിൽ പങ്കെടുക്കുന്നതും ഈ ഗെയിമുകൾ പങ്കെടുക്കുന്നവരുടെ ജീവൻ എടുക്കുന്നതുമായിരുന്നു സീരീസിന്റെ പ്രമേയം. ഒരോ കളിക്കാരൻ മരിക്കുമ്പോഴും ജീവിച്ചിരിക്കുന്ന മത്സരാർഥികൾക്കുള്ള സമ്മാനതുക വർധിക്കുമായിരുന്നു. ഇപ്പോൾ സീരീസിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുകയാണ്. ഇതിനകം തന്നെ നെറ്റിഫ്ലിക്സിൽ ട്രെൻഡിങ് ലിസ്റ്റിൽ സ്ക്വിഡ് ഗെയിം ഇടം നേടിക്കഴിഞ്ഞു.
സ്ക്വിഡ് ഗെയിമിൻ്റെ രണ്ടാം ഭാഗം ടീസർ പുറത്തുവിട്ടപ്പോൾ വലിയ ജനസ്വീകാര്യതയാണ് അതിന് ലഭിച്ചത്. ഒപ്പം തന്നെ മൂന്നാം സീസണ്‍ 2025 ല്‍ ഇറങ്ങും എന്നും ടീസര്‍ പറഞ്ഞിരുന്നു. മൂന്നാം സീസണ്‍ സ്ക്വിഡ് ഗെയിം അവസാന സീസണ്‍ ആയിരിക്കും എന്നും ടീസര്‍ സൂചിപ്പിച്ചിരുന്നു.
കണവകളി എന്നാണ് സ്ക്വിഡ് ഗെയിമിന്റെ അർഥം. നമ്മുടെ നാട്ടിൽ കുട്ടികൾ കളിക്കുന്ന കിളിത്തട്ട് പോലുള്ള കളികൾ കൊറിയയിലുമുണ്ട്. അതിലൊന്നാണ് സ്ക്വിഡ് ഗെയിം. ഒജിൻജിയോ എന്നാണ് ശരിയായ പേര്. ഇതിന്റെ കളിക്കളം അഥവാ ബോർഡ് വരച്ചാൽ കാലുകൾ നീട്ടിയിരിക്കുന്ന ഒരു കണവയുടെ രൂപം പോലെയാണ്. കണവയുടെ ഇംഗ്ലിഷ് പേരാണ് സ്ക്വിഡ്. രണ്ടു ടീമുകളായാണ് സ്ക്വിഡ് ഗെയിം കളിക്കുന്നത്. ദക്ഷിണ കൊറിയയിലും ഉത്തര കൊറിയയിലും ഒരേ പോലെ പ്രചാരമുണ്ട് സ്ക്വിഡ് ഗെയിം. കൊറിയയിലെ രാജവാഴ്ച കാലത്ത് ഉടലെടുത്തതാണ് ഇത്തരം കളികൾ.
സ്ക്വിഡ് ഗെയിം ലോകമെമ്പാടും വൻ ഹിറ്റായിരുന്നു. ഷോയിൽ നിന്നുള്ള വസ്ത്രങ്ങളും വൈറലായി. 14 എമ്മി നോമിനേഷനുകൾ ഉൾപ്പെടെ ഒന്നിലധികം അവാർഡുകൾ ഈ ഷോ നേടി. നടന്‍ ലീ ജംഗ്-ജെ, സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യൂക്ക്, നടി ലീ യൂ-മി എന്നിവർ എമ്മിയിൽ വിജയികളായി.