Celebrities

2024 മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും നേട്ടം, മോഹൻലാൽ ചുറ്റുമുള്ള മുള്ളുവേലികൾ തകർത്തില്ലെങ്കിൽ..; ആലപ്പി അഷ്‌റഫ് പറയുന്നു

സംവിധായകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ആലപ്പി അഷ്റഫ്. സെലിബ്രിറ്റികളെ കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അധികമാര്‍ക്കും അറിയാത്ത കഥകളുമായിട്ടാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് വരാറുള്ളത്. യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ 2024 ൽ മലയാള സിനിമാലോകത്ത് സംഭവിച്ച സംഭവവികാസങ്ങളെക്കുറിച്ചും പ്രിയ താരങ്ങളുടെ വേർപാടുകളെക്കുറിച്ചും പൊതു സമൂഹത്തിന് മുന്നിൽ അപഹാസ്യരായി തലകുനിക്കേണ്ടി വന്ന സിനിമയിലെ ചില സംഭവങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ആലപ്പി അഷ്‌റഫ്.

”മലയാള സിനിമ മേഖലയെയും സിനിമ സംഘനകളെയും പ്രകമ്പനംകൊള്ളിച്ചു കൊണ്ട് ഒരു ഇടിത്തീ പോലെ 2024ൽ കടന്നു വന്ന റിപ്പോർട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ആ ഇടിത്തീയുടെ പൊള്ളലേറ്റ ഒരുപറ്റം താരങ്ങൾ പൊലീസ് സ്റ്റേഷനും കോടതിയും കയറി അലയുകയാണ്. സിനിമ മേഖലയിൽ നിന്ന് ഇത്രയധികം ലൈംഗിക പീഡന കേസുകൾ ഉണ്ടാക്കുന്നത് ചരിത്രത്തിൽ 2024 ൽ തന്നെയാണ്. സിനിമാക്കാർ പൊതു സമൂഹത്തിന് മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നതും 2024 തന്നെയാണ്. താര സംഘടനയുടെ തലപ്പത്ത് ഇരുന്നവരെല്ലാം ഒന്നിച്ച് കൂട്ടരാജി വച്ച് പിരിഞ്ഞുപോയതും ഈ 2024 തന്നെയാണ്.” ഡിസംബറിന്റെ അവസാന നാളുകളിൽ രണ്ട് സിനിമ സീരിയൽ നടൻമാർ ചേർന്ന് ഈ വർഷത്തെ പീഡന പരമ്പരയുടെ നാളുകൾ വിജയകരമായി വർഷാവസാനം വരെ എത്തിച്ചു കൊടുത്തുവെന്നും പരിഹാസ രൂപേണ ആലപ്പി അഷ്‌റഫ് പറഞ്ഞു.

”2024 മോഹൻലാലിനെ സംബന്ധിച്ച് നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല എന്നുമാത്രമല്ല കോട്ടങ്ങളുടെ ഒരു ഘോഷ യാത്രയുമായിരുന്നു. മോഹൻലാലിന്റെ ചുറ്റുമുള്ള മുള്ളുവേലികൾ കാരണം പുതു തലമുറ സംവിധായകർക്ക് അദ്ദേഹം ഇന്നും അപ്രാഭ്യാനാണ്. ഇതിന് ഒരു മാറ്റം വന്നില്ല എങ്കിൽ ഇനി മോഹൻലാലിൽ നിന്നും ഒന്നും പ്രതിഷിക്കേണ്ട എന്ന് പൊതു ഞങ്ങളുടെ അടക്കം പറച്ചിൽ ഒരുപക്ഷെ മോഹൻലാൽ അറിഞ്ഞിട്ട് ഉണ്ടാവില്ല. എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം 2024 നേട്ടങ്ങൾ മാത്രമുണ്ടാക്കിയ ഒരു വർഷം കൂടിയാണ്. അദ്ദേഹം അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും വിജയിക്കുകയും കൂടാതെ അവാർഡുകൾ നേടുകയും ചെയ്തു.” സുരേഷ് ഗോപിക്കും 2024 നേട്ടങ്ങളുടെ വർഷമാണെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.

മലയാളികൾക്ക് പ്രിയപ്പെട്ട ഒത്തിരി പ്രതിഭകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വർഷമാണിതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. കെ ജെ ജോയ്, കനകലത, മോഹൻ രാജ്, മച്ചാട് വാസന്തി, കവിയൂർ പൊന്നമ്മ, ഹരികുമാർ, കോട്ടയം സോമരാജ്, മീന ഗണേഷ്, സുജിത് രാജേന്ദ്രൻ, ടി പി മാധവൻ, എം ടി വാസുദേവൻ നായർ തുടങ്ങിയ പ്രതിഭകളുടെ ഓർമകളും ആലപ്പി അഷ്‌റഫ് പുതിയ വീഡിയോയിലൂടെ പങ്കുവെച്ചു.

Latest News