ഏറെ പ്രതീക്ഷയോടെ തെലുങ്ക് സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് രാം ചരൺ നായകനായെത്തുന്ന ഗെയിം ചേഞ്ചര്‍. ജനുവരിയില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി രാം ചരണിന്‍റെ 256 അടി ഉയരമുള്ള കട്ടൗട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ അനാച്ഛാദനം ചെയ്തു. കുത്തബ് മിനാറിനെക്കാള്‍ ഉയരത്തിലുള്ള കട്ടൗട്ട് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ചലച്ചിത്രതാരത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട ഏറ്റവും വലിയ കട്ടൗട്ടാണ് ഇതെന്നാണ് രാം ചരണ്‍ ഫാന്‍സ് അവകാശപ്പെടുന്നത്.
പാൻ-ഇന്ത്യൻ ചിത്രമായ ഗെയിം ചേഞ്ചർ ഏറെ പ്രതീക്ഷയോടെയാണ് തെലുങ്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും വലിയ കട്ടൗട്ട് സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്ന ചിത്രത്തിൽ അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര തന്നെ വേഷമിടുന്നുണ്ട്.
STORY HIGHLIGHT: ram charan gets massive cut out ahead of game changer