കുമ്പളങ്ങി നൈറ്റ്സ്, കപ്പേള, ഹെലൻ തുടങ്ങി ചുരുക്കം ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് അന്ന ബെൻ. കൽക്കി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായ അന്നയ്ക്ക് സിനിമാരംഗത്ത് ഇപ്പോൾ പാൻ ഇന്ത്യൻ ഇമേജുണ്ട്. ഇപ്പോൾ കൽക്കി സിനിമയിൽ ദീപിക പദുകോടിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അന്ന ബെൻ. മലയാളി ആയതുകൊണ്ട് തന്നോട് പ്രത്യേക സ്നേഹം ദീപക് ഉണ്ടായിരുന്നു എന്നാണ് താരത്തിന്റെ വാക്കുകൾ. ദീപികയുടെ പ്രൊഫഷണലിസവും കൃത്യനിഷ്ഠതയും എല്ലാം അന്നയ്ക്ക് വലിയ ഇഷ്ടമായി എന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണ്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.- ‘ഞാനും ദീപിക മാഡവും കുറച്ചുദിവസങ്ങൾ ഒരുമിച്ചുണ്ടായിരുന്നുള്ളൂ, രണ്ടുപേരും ഉള്ള സീനുകൾ കുറവായിരുന്നു. മലയാളിയാണെന്നു കേട്ടപ്പോൾ വലിയ സ്നേഹമായിരുന്നു അവർക്ക്. മലയാള സിനിമ അവർ കാണാറുണ്ട്. സെറ്റിൽ വച്ച് അവർ എന്നോടു പറഞ്ഞു; ‘കുമ്പളങ്ങി നൈറ്റ്സ്’ അവർക്ക് കാണാൻ കഴിഞ്ഞില്ല. പക്ഷേ, രൺവീർ സിങ് സിനിമ കാണുകയും അവരോടു സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.
ദീപിക വളരെ പ്രഫഷനൽ ആണ്. കൃത്യസമയത്തു വരുക ഷൂട്ടിങ് കഴിഞ്ഞ് കൃത്യസമയത്തു തിരിച്ചുപോവുക അതാണ് രീതി. പിന്നെ, അവർക്ക് എന്നോടുള്ള പ്രത്യേക താൽപര്യം എന്തായിരുന്നുവെന്നു ചോദിച്ചാൽ ഭാഷയുടെ കാര്യത്തിൽ ഞങ്ങൾ തുല്യദുഃഖിതർ ആയിരുന്നു. എനിക്കും തെലുങ്ക് അറിയില്ല. അവർക്കും അറിയില്ല.’ എന്നും അന്ന ബെൻ കൂട്ടിച്ചേർത്തു.
ബോക്‌സോഫീസ് റെക്കോഡുകള്‍ തിരുത്തിവിജയത്തേരോട്ടം നടത്തിയ ചിത്രമാണ് നാഗ് അശ്വിന്‍-പ്രഭാസ് ടീമിന്റെ ‘കല്‍ക്കി 2898 എ.ഡി’. ചിത്രത്തില്‍ കൈറ എന്ന കഥാപാത്രമായിട്ടാണ് അന്ന ബെൻ എത്തിയത്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ്, കമൽഹാസൻ, ശോഭന തുടങ്ങി വമ്പൻ താരനിരയുള്ള ചിത്രത്തില്‍ വന്‍ സ്വീകാര്യതയാണ് അന്ന ബെന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഡ്യൂപ്പില്ലാതെയായിരുന്നു ചിത്രത്തിലെ ഓരോ ഫൈറ്റ് സീനും അന്ന അഭിനയിച്ചത്. വലിയ സ്വീകാര്യത നേടിയ ചിത്രത്തിന്റെ ഒന്നാംഭാഗത്തിന് ശേഷം രണ്ടാം ഭാഗം എന്നായിരിക്കും വരിക എന്ന വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ.