ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നസ്‌ലെന്‍. 2019 ൽ തിയേറ്ററിൽ എത്തിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലെ ‘മെൽവിൻ’ എന്ന കഥാപത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ സിനിമ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ഈ വർഷം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ‘പ്രേമലു’ എന്ന സിനിമയിൽ നായകനായിരുന്നു താരം. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ‘പ്രേമലു’. ഗിരീഷ് എ ഡി – നസ്‌ലെന്‍ കോമ്പോ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയതാണ്. ആ കൂട്ടുകെട്ടിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ‘ഐ ആം കാതലൻ’. ചിത്രത്തിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് വിവരങ്ങളാണ് പുറത്തുവരുന്നത്.
ജനുവരി മൂന്നിന് മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഐ ആം കാതലൻ സിനിമ ഒടിടിയില്‍ വര്‍ക്കാകുമെന്ന പ്രതീക്ഷയിലാണ് നസ്‍ലെന്റെ ആരാധകര്‍. ടെക്നോ ക്രൈം ത്രില്ലർ ഴോണറിലാണ് സിനിമ എത്തിയത്. നടൻ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ നിർമാതാവായി ഗോകുലം ഗോപാലനുമുണ്ട്. ശരൺ വേലായുധൻ ആണ് ചിത്രത്തിന്റെ കാമറ. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സിദ്ധാർത്ഥ പ്രദീപാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.