നല്ല നാടൻ പപ്പായ കിട്ടിക്കഴിഞ്ഞാൽ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. എന്നാൽ ഉള്ളിലേക്ക് മാത്രമല്ല, പുറത്തും പപ്പായ നല്ല ഗുണം ചെയ്യും. ഒട്ടനവധി സൗന്ദര്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പപ്പായ. ചർമ സംരക്ഷണത്തിനായി പപ്പായയെ പലരീതിയിൽ ഉപയോഗിക്കാം. അത് എങ്ങനെയൊക്കെ ആണെന്ന് നോക്കാം.
പപ്പായ ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുകയും, ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. കാരണം, പപ്പായയിൽ പാപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ നിന്നും മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും, തിളക്കമുള്ളതും മിനുസമാർന്നതുമായ ചർമ്മം സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ചർമ്മത്തിൽ നിന്നും മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പപ്പായയിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിൽ വിറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ നിന്നും പാടുകൾ ഇല്ലാതാക്കുന്നു. കൂടാതെ, ഹൈപ്പർപിഗ്മെന്റേഷൻഎന്നിവ ലഘൂകരിക്കാനും സഹായിക്കുന്നു. പപ്പായയിൽ ധാരാളം ജലാംശവും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കി മാറ്റുന്നു.
ചർമ്മത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും പപ്പായ അത്യുത്തമമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റമിൻ സി, പൊട്ടാസ്യം, പാപ്പെയ്ൻ എന്നിവയെല്ലാം മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും മുടിയെ ശക്തിപ്പെടുത്താനും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ പപ്പായയിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ, കേടായ മുടി നന്നാക്കാനും, മുടിയുടെ തിളക്കം വർദ്ധിപ്പിക്കാനും, മുടയെ വേരിൽ നിന്നും ബലപ്പെടുത്താനും സഹായിക്കുന്നു. ഇവ കൂടാതെ, പപ്പായയുടെ ആൻറിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കാനും താരൻ നീക്കം ചെയ്യാനും മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
പഴുത്ത പപ്പായ അരച്ചെടുക്കുക. ഇതിൽ തേൻ, തൈര് അല്ലെങ്കിൽ ഓട്സ് എന്നിവ ചേർത്ത് മുഖത്ത് പുരട്ടി, സാവധാനത്തിൽ മസാജ് ചെയ്യുക. 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളായുക. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും, യുവത്വം നിലനിർത്താനും സഹായിക്കുന്നതാണ്. പപ്പായ ഒടച്ചെടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ, വാഴപ്പഴം ഉടച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. പപ്പായ ഉപയോഗിച്ച് എക്സ്ഫോളിയേറ്റിംഗ് സ്ക്രബ് തയ്യാറാക്കാവുന്നതാണ്.
ഇതിനായി പപ്പായയിൽ പഞ്ചസാര, ഉപ്പ് അല്ലെങ്കിൽ കോഫി എന്നിവ ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക. 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇത് ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ നീക്കം ചെയ്യുന്നതാണ്. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാനും സഹായിക്കുന്നു. അതുപോലെ, മുടിയുടെ ആരോഗ്യത്തിനായി പപ്പായ പതിവായി കഴിക്കുന്നത് വളരെ നല്ലതാണ. അതുമല്ലെങ്കിൽ തൈരിൽ കുറച്ച്, പപ്പായ പേസ്റ്റ് ചേർത്ത് മിക്സ് ചെയ്ത് പുരട്ടുന്നത് നല്ലതാണ്. തലയിൽ നിന്നും താരൻ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്.