സൂപ്പർ സ്റ്റാറുകളായ രജനികാന്ത്, അമിതാഭ് ബച്ചൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രമാണ് വേട്ടയ്യൻ. സൂപ്പർ താരങ്ങൾക്കൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചിരുന്നു. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ പ്രശസ്ത സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസില്‍, റാണ ദഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, അഭിരാമി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. അനിരുദ്ധ് രവി ചന്ദ്രനാണ് വേട്ടയ്യനിലെ ഗാനങ്ങൾക്കു പിന്നിൽ. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഏതാണ്ട് 300 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണചെലവ്.
അന്വേഷണത്തിലും പൊലീസ് നീതിയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന് പേരുകേട്ട പൊലീസ് ഉദ്യോഗസ്ഥനായ എസ്പി ആത്തിയനെ (രജനീകാന്ത്) ചുറ്റിപ്പറ്റിയാണ് ‘വേട്ടയന്‍’. ഒരു കേസുമായി ബന്ധപ്പെട്ട് ആത്തിയന്‍ നടത്തുന്ന എന്‍കൗണ്ടറും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന പൊലീസ് എന്‍കൗണ്ടിങ് ശരിയോ, തെറ്റോ എന്ന ചോദ്യം പ്രേക്ഷകന് മുന്നില്‍ വച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഒക്ടോബർ പത്തിനാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് രജനികാന്ത്.
ചിത്രത്തിൽ അമിതാഭ് ബച്ചന്റെ കഥാപാത്രം ശിവാജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹമായിരിക്കും ചെയ്യുക ഒരിക്കലും മറ്റൊരാളെ വച്ച് ആ കഥാപാത്രം ചെയ്യില്ല. ശിവാജി ഇല്ലാത്തപക്ഷം കുറഞ്ഞത് അമിതാഭ് ബച്ചൻ എങ്കിലും ഒരു കഥാപാത്രം ചെയ്യണമെന്നും അതുകൊണ്ടാണ് ബച്ചനെ ആ വേഷത്തിലേക്ക് വിളിച്ചതെന്നും രജനികാന്ത് പറയുന്നു. താനും അമിതാഭ് ബച്ചനും ചേർന്ന് മൂന്ന് സിനിമകൾ ചെയ്തു, ആ ചിത്രങ്ങളെല്ലാം ഹിറ്റായതിനാൽ തങ്ങൾ വീണ്ടും ഒന്നിക്കാൻ വലിയ നിർമ്മാതാക്കൾ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.