ബോളിവുഡിനോടുള്ള തന്റെ മടുപ്പും നിരാശയും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായി അനുരാഗ് കശ്യപ്. ഹിന്ദി സിനിമാ മേഖലയോട് തനിക്ക് വെറുപ്പാണെന്നാണ് താരം പറയുന്നത്. സൃഷ്ടിപരമായ മികവിനായി മുംബൈ വിട്ട് ദക്ഷിണേന്ത്യയിലേക്ക് മാറാനുള്ള പദ്ധതികളും ആലോചിക്കുന്നതായി താരം പറയുന്നു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗിന്റെ തുറന്നുപറച്ചിൽ.
ചലച്ചിത്രനിര്‍മാണ കലയെ ലാഭമുണ്ടാക്കുന്ന യന്ത്രമായി തരംതാഴ്ത്തുന്നു എന്നുള്ളതാണ് ബോളിവുഡിനോടുള്ള അനുരാഗ് കശ്യപിന്റെ വെറുപ്പിന് കാരണം. സിനിമ ആരംഭിക്കുന്നതിനുമുന്‍പുതന്നെ അതെങ്ങനെ വില്‍ക്കാമെന്നാണ് പലരും ആലോചിക്കുന്നത്, അതിനാല്‍ത്തന്നെ സിനിമയെടുക്കുന്നതിലെ സന്തോഷം പോയി. അതുകൊണ്ടാണ് അടുത്തവര്‍ഷം മുംബൈ വിടാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മോഹികളെ താരങ്ങളാകാൻ പ്രേരിപ്പിക്കുന്ന ടാലന്റ് മാനേജ്മെന്റ് ഏജൻസികളെയും അദ്ദേഹം കുറ്റപ്പെടുത്തി. മികച്ച നടീനടന്മാരാകാൻ പ്രയത്നിക്കുന്നതിന് ഏജൻസികൾ അവർക്ക് വേണ്ടത്ര പ്രചോദനം നൽകുന്നില്ല. തങ്ങളുടെ നേട്ടത്തിനായി ഏജൻസികൾ യുവതാരങ്ങളെ ചൂഷണം ചെയ്യുകയാണ് എന്നുകൂടി അനുരാഗ് പറയുന്നു.
മറ്റു ഭാഷകളിലെ സിനിമകൾ വിജയിച്ചാൽ അത് ഹിന്ദിയിൽ റീമേക്ക് ചെയ്യാറാണ് പതിവ്. റീമേക്കിങ്ങിൽ മാത്രമാണ് ബോളിവുഡിന് ഇന്ന് താൽപര്യം. പുതിയതായി ഒന്നും പരീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരിക്കലും ഹിന്ദിയിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ പോലെ ഒരു ചിത്രം ഉണ്ടാകില്ലെന്നും അനുരാഗ് കൂട്ടിച്ചേർത്തു. നല്ല സിനിമകള്‍ ഉള്ള സൗത്തിലേക്ക് പോകാൻ ആണ് താത്പര്യമെന്നും താരം തുറന്ന് പറയുന്നു. ബോളിവുഡ് തന്നെപോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകൾക്ക് ബ്ലോക്ക്‌ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്നും ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് തലപര്യം എന്നുമാണ് അനുരാഗ് പറഞ്ഞത്.
ബോളിവുഡ് നടന്മാര്‍ ഒരു പ്രത്യേക വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതേ ഇവിടെ നടക്കൂ. പക്ഷേ, മലയാളത്തില്‍ അങ്ങനെയല്ല മലയാള സിനിമ വ്യവസായ രംഗത്തെ ഐക്യബോധത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അടുത്തിടെയിറങ്ങിയ മലയാളം ആക്ഷന്‍ ത്രില്ലറായ റൈഫിള്‍ ക്ലബ്ബില്‍ അനുരാഗ് കശ്യപ് അഭിനയിച്ചിരുന്നു. ആഷിഖ് അബുവാണ് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും.