ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബി. പട്ടികയിൽ ഒന്നാം സ്ഥാനത്തായി ഉള്ളത് ടൊവിനോ താമസ് നായകനായി എത്തുന്ന ഐഡന്റിറ്റിയാണ്. നാളെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് ചിത്രം. അതിനിടെയാണ് വീണ്ടും ട്രെൻഡിങ് ആയത്. രാംചരണിനെ നായകനാക്കി ഷങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്തെത്തിയത്.
അഖിൽ പോളും അനസ് ഖാനുമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ടൊവിനോ തോമസിന്റെ ഫോറൻസിക്കിന്റെ തിരക്കഥയും സംവിധാനവും അഖിൽ പോളും അനസ് ഖാനുമായിരുന്നു. മലയാള സിനിമയിൽ മികവുറ്റ സാങ്കേതിക മികവോടെ എത്തുന്ന ചിത്രങ്ങളിലൊന്നാണ് ‘ഐഡന്റിറ്റി’. വിഷ്വൽ ഇഫക്ടുകളാലും ഹോളിവുഡ് സിനിമകളിലെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാലും സമ്പന്നമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ. 2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ അഖിൽ ജോക്‍ജാണ് ചായാഗ്രഹണം. സംഗീതം പകരുന്നത് ജേക്സ് ബിജോയ്‍യാണ്.എഡിറ്റർ ചമൻ ചാക്കോ ആണ്.എം ആർ രാജാകൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്.സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്.
തൃഷയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് എന്നതാണ് ഐഡന്റിറ്റിയുടെ മറ്റൊരു പ്രത്യേകത. വേറിട്ട ഈ കോമ്പോയുടെ പ്രകടനം എങ്ങനെ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. ഹേയ് ജൂഡ് ആയിരുന്നു ആദ്യ ചിത്രം. തെന്നിന്ത്യൻ താരം വിനയ് റായും ഒരു കഥാപാത്രമാകുന്നു. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്‍ണപ്പരുന്ത്, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്.
















