Entertainment

കലാഭവൻ മണിയെ അപമാനിച്ച താരം ഇപ്പോൾ കല്ല്യാണിനെ പറ്റിച്ചു ; ദിവ്യ ഉണ്ണിയെ വിമർശിച്ച് സോഷ്യൽ മീഡിയ

ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,500 പേർ ചേർന്ന് കലൂർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോർഡ് നേടിയത് ഇക്കഴിഞ്ഞ ദിവസമാണ്. 12,500 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു റെക്കോർഡ് നേടിയത്. തന്റെ ഏറെനാളത്തെ സ്വപ്നം ആയിരുന്നു ഇതെന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്. എന്നാൽ ​ഗിന്നസ് റെക്കോർഡ് പരിപാടി നടക്കുന്നതിന് മുമ്പായി സ്റ്റേഡിയത്തിലെ താത്ക്കാലിക സ്റ്റേജിൽ നിന്ന് ഉമ തോമസ് എംഎൽഎ വീണ് ​ഗുരുതര പരിക്കേറ്റതോടെ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് പരിപാടി നടത്തിയത് എന്ന വാർത്തയാണ് ആദ്യം പുറത്തുവന്നതെങ്കിൽ, അതിന് പിന്നാലെ പുറത്തെത്തിയത് പരിപാടിയിലേക്ക് ഒഴുകിയ പണത്തിന്റെ കണക്കായിരുന്നു.

മൃദംഗ നാദം സംഘടിപ്പിച്ച പരിപാടിക്കു ഗിന്നസ് അധികൃതർ റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. സിനിമ സീരിയൽ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും നൃത്തമാടിയിരുന്നു. ഈ നൃത്തപരിപാടിക്കായി പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന് 12,500 സാരികള്‍ കല്യാണ്‍ സില്‍ക്സ് നിർമിച്ച് നൽകി. ഇതിനായി ഒരു സാരിക്ക് 390 രൂപ വീതമാണ് സംഘാടകരില്‍ നിന്ന് വാങ്ങിയത്. സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ വീതം ഈടാക്കി. ഈ വിഷയങ്ങളെല്ലാം പിന്നീടാണ് അറിഞ്ഞതെന്നും ഇതിൽ അതൃപ്തിയുണ്ടെന്നും കല്യാണ്‍ സില്‍ക്സ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യ ഉണ്ണിക്കെതിരെ വിമർശനങ്ങൾ ശക്തമായത്.

കലാഭവൻ മണിക്കൊപ്പെ അഭിനയിക്കില്ലെന്ന് പറഞ്ഞ ദിവ്യ ഉണ്ണി ഇപ്പോൾ കല്യാണിനെയും പറ്റിച്ചു , മനുഷ്യപ്പറ്റില്ല, ആളുകളെ പറ്റിച്ച് ജീവിക്കുന്നു തുടങ്ങി വലിയ സൈബർ അധിക്ഷേപങ്ങളാണ് താരത്തിന് നേരിടേണ്ടി വരുന്നത്. എന്നാൽ കലാഭവൻ മണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു അഭിമുഖത്തിൽ താരം നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. കലാഭവൻ മണിക്കൊപ്പമുള്ള സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് അറിയിച്ചു എന്നായിരുന്നു പ്രചരണം.

‘സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം പ്രധാനമായും ഈ കമന്റുകള്‍ കൊണ്ട് തന്നെയാണ്. നമ്മളെന്തൊക്കെ പറഞ്ഞാലും അതൊരു ജസ്റ്റിഫിക്കേഷൻ പോലെയാകും. നമ്മുടെ ഒരു ഭാഗം പറയുന്നതുപോലെയാകും. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താൽപര്യപ്പെടുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്. ആദ്യ സിനിമ മുതൽ എത്രയോ സിനിമകൾ ഒരുമിച്ചു ചെയ്തു. ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്ന് തോന്നുന്നു.’ എന്നാണ് താരം അന്ന് നൽകിയ മറുപടി.