Entertainment

വരുമാനത്തിന്റെ പുതുവഴി തുറക്കുന്ന കൂൺ കൃഷി ! വീട്ടിൽ ചെയ്യാം ഇങ്ങനെ

ഔഷധ ഗുണത്തിലും പോഷക ഗുണത്തിലും രുചിയിലും മണത്തിലുമെല്ലാം വളരെ മുൻപന്തിയിൽ  നില്‍ക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് കൂണ്‍. നമ്മുടെനാട്ടില്‍ മഴക്കാലത്തും തണുപ്പുകാലത്തും യഥേഷ്ടം ലഭിച്ചിരുന്നകൂണ്‍ ഇന്നിപ്പോള്‍ ശാസ്ത്രീയമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്ന കാര്യം എല്ലാവർക്കും  അറിയാവുന്നതാണ്. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി കാന്‍സറിനെ വരെ പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള കഴിവ് കൂണിനുണ്ടെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇതുകരണം എത്ര വലിയ വിലകൊടുത്തും കൂണ്‍ വാങ്ങാന്‍ ആരും തയാറാണ്. ഇതൊക്കെയാണെങ്കിലും മാര്‍ക്കറ്റില്‍ അത്രകണ്ട് സുലഭമല്ല എന്നതാണ് ദുഃഖസത്യം. എന്നാൽ ഇനി കൂൺ കൃഷി വീട്ടിൽ തന്നെ ചെയ്യാം.

കൂൺ കൃഷിക്കായി ഒരുങ്ങാം

ഇതിനായി ഒരുചെറിയ പ്ലാസ്റ്റിക് കവറും ഒരു കവര്‍വിത്തും കുറച്ചു വൈക്കോലും മാത്രം മതി. വൈക്കോലിന് പകരം ഉണങ്ങിയ വാഴയിലയും വാഴക്കയ്യും ഉപയോഗിക്കാം. ആദ്യമായി ആവശ്യമുള്ള വൈക്കോലിനെ 10-12 മണിക്കൂര്‍ പച്ചവെള്ളത്തില്‍ താഴ്ത്തിവച്ച് കുതിര്‍ക്കുക. ശേഷം വെള്ളം വാർത്തുകളയുക. ഇതിനെ വീണ്ടും തിളച്ചവെള്ളത്തിൽ ഇട്ട്  അണുവിമുക്തമാക്കുക. ഇനി ഇതിനെ വൃത്തിയുള്ള പരന്ന പ്രതലത്തിൽ വിരിച്ചിടുക. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞ് വൈക്കോല്‍ എടുത്ത് പിഴിഞ്ഞു നോക്കിയാല്‍ വെള്ളം തുള്ളിതുള്ളിയായി വീഴാതിരിക്കുകയും അതേ സമയം വൈക്കോലില്‍ ചെറുതായി ഈര്‍പ്പം ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ് പാകം. ഈ അവസ്ഥ വരെ വൈക്കോല്‍ ഉണക്കണം.

കൃഷി ആരംഭിക്കാം

കൈകള്‍ ഡെറ്റോള്‍ വെള്ളത്തില്‍ കഴുകിയശേഷം സുതാര്യമായ ഒരു പ്ലാസ്റ്റിക് കവര്‍ എടുക്കുക. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന സുതാര്യമായ ഏതു കവറും ഡെറ്റോള്‍ കൊണ്ട് കഴുകി ഉണക്കി ഉപയോഗിക്കാവുന്നതാണ്. കൂണ്‍ വിത്ത് കാര്‍ഷിക സര്‍വകലാശാലയിലും കൃഷി വിജ്ഞാന കേന്ദ്രത്തിലും ചില സ്വകാര്യ സ്ഥാപനങ്ങളും ഉത്പാദിപ്പിച്ച് നല്‍കുന്നുണ്ട്. ഇവിടെ നിന്നും ആവശ്യമുള്ള വിത്ത് വാങ്ങുക. ഇതില്‍ നിന്ന് ഒരു കവര്‍ കൂണ്‍ വിത്തെടുത്ത് വൃത്തിയുള്ള പാത്രത്തിലോ പേപ്പറിലോ പുകിതി ഭാഗം എടുത്ത് പരസ്പരം ഒട്ടിയിരിക്കുന്ന ധാന്യത്തെ കൈകൊണ്ട് ഞെരുടി വേര്‍തിരിച്ച് നാലോ അഞ്ചോ തുല്യഭാഗങ്ങളായി ഭാഗിച്ച് വയ്ക്കുക. ഇനി പ്ലാസ്റ്റിക് കവറിന്റെ ചുവടറ്റം ഒരു നൂല്‍ കൊണ്ടോ റബ്ബര്‍ ബാന്റുകൊണ്ടോ കൂട്ടി കെട്ടി റൗണ്ട് ആകൃതിയില്‍ ആക്കുക.  പാകപ്പെടുത്തിയ വൈക്കോലിനെ ഇതിൽ വാക്കുക. ഇതിന് മുകളിൽ വിത്ത് ഇടുക. പിന്നീട് കവറിന്റെ മുകളറ്റം നൂല്‍കൊണ്ട് കൂട്ടിക്കെട്ടുക. ഇതിനെ ബെഡ് അല്ലെങ്കില്‍ കൂണ്‍തടം എന്നാണ് പറയുന്നത്. ഇനി മൂന്നു മി.മീ. ചുറ്റളവുള്ള ഒരു ആണിയോ കമ്പിയോ ഈര്‍ക്കിലോ ഡെറ്റോളില്‍ കഴുകിയശേഷം ബെഡിന്റെ നാലു വശത്തും ദ്വാരം ഇടുക. തയാറാക്കിയ ഈ ബഡുകളെ വൃത്തിയുള്ളതും തണുപ്പുള്ളതും അല്പം ഇരുട്ടുള്ളതും ചൂടുകുറഞ്ഞതുമായ സ്ഥലത്ത് സൂക്ഷിക്കണം. ബെഡ് ഉണ്ടാക്കി രണ്ടുമൂന്നു ദിവസം കഴിയുമ്പോള്‍ നിരീക്ഷിക്കേണ്ടതാണ്. ചെറിയ വെള്ളനിറം വൈകകോലില്‍ പടര്‍ന്നുകയറുന്നതു കാണാം.ഇത് കൂണിന്റെ തന്തുക്കളാണ് ഇപ്രകാരം 15 മുതല്‍ 18 ദിവസം വരെ ബെഡുകളെ സൂക്ഷിക്കുക. ഈ സമയംകൊണ്ട് വയ്‌ക്കോല്‍ കാണാന്‍ കഴിയാതാകും. പിന്നെ കൂൺ മുളച്ചുതുടങ്ങും. പിന്നെ ദിവസവും വൈകിട്ടും രാവിലെയും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. അടുത്ത 10 ദിവസത്തിനുശേഷം കൂൺ മുഴുവനായും മുളച്ചുവരും.