മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ടെലവിഷൻ പരിപാടിയാണ് സ്‌റ്റാർ മാജിക്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌റ്റാർ മാജിക് പ്രക്ഷേപണം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. സ്‌റ്റാർ മാജിക് താരങ്ങളും പരിപാടിയുടെ അവതാരകയുമായ ലക്ഷ്‌മി നക്ഷത്രയും ഷോ അവസാനിക്കുന്നതായുള്ള പോസ്‌റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഷെയർ ചെയ്‌തതോടു കൂടിയാണ് സംഭവം ചര്‍ച്ചയായത്.
കടുത്ത വിമര്‍ശനങ്ങളും സ്റ്റാര്‍ മാജിക് നേരിട്ടിരുന്നു. സ്ത്രീവിരുദ്ധത, വംശീയത, വര്‍ണ വിവേചനം, ബോഡി ഷെയ്മിംഗ്, ദ്വയാര്‍ത്ഥ തമാശകള്‍ തുടങ്ങിയ പല വിമര്‍ശനങ്ങളും സ്റ്റാര്‍ മാജിക്കിനെതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ഷോയുടെ ജനപ്രീതിയെ ബാധിച്ചിരുന്നില്ല എന്നതാണ് വസ്തുത. ഇതിനിടെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം ഷോ നിര്‍ത്താന്‍ തീരുമാനിക്കുന്നത്.
എന്തുകൊണ്ടാണ് സ്റ്റാര്‍ മാജിക് അവസാനിപ്പിച്ചതെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ വളരെ ശക്തമാണ്. നേരത്തെ നടനും സ്റ്റാര്‍ മാജിക്കില്‍ നേരത്തെ ഉണ്ടായിരുന്ന താരവുമായ സാജു നവോദയ നടത്തിയ വിമര്‍ശനമാണ് ഷോയുടെ വിരാമത്തിലേക്ക് നയിച്ചതെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടിയും സ്റ്റാര്‍ മാജിക് താരവുമായ ഡയാന ഹമീദ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഡയാന മനസ് തുറന്നത്.
”ചാനലിന്റെ തീരുമാനമാണ്. ഏകദേശം എഴ് വര്‍ഷത്തോളം ഓടിയ പരിപാടിയാണ്. പല തരത്തിലുള്ള വിനോദവും നല്‍കിയിട്ടുണ്ട്. ഇനി പുതിയ തരത്തിലുള്ള എന്തെങ്കിലുമായിരിക്കും അവര്‍ പ്ലാന്‍ ചെയ്യുന്നത്. ചാനലിന്റേയും ഷോ ഡയറക്ടറുടേയും തീരുമാനമാണ്. അവര്‍ അങ്ങനെ തീരുമാനിച്ചതായിരിക്കും.” ഡയാന പറയുന്നു. നടന്റെ വിമര്‍ശനം ആണോ ഷോ അവസാനിപ്പിക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ ചുമ്മാ പറയുന്നതാണ് എന്നായിരുന്നു ഡയാനയുടെ മറുപടി.
ഇതിനിടെ അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും പ്രതികരിക്കുന്നുണ്ട്. ഞാനും മണിയന്‍പിള്ള രാജു ചേട്ടനുമൊക്ക അഭിനയിച്ചു കൊണ്ടിരുന്നൊരു പരമ്പരയുണ്ടായിരുന്നു. 20-25 കൊല്ലം മുമ്പത്തെ കഥയാണ്. കുറേക്കാലം ഓടിയതാണ്. ഒരു കാലഘട്ടം കഴിഞ്ഞപ്പോഴേക്കും അതേ പേരിനോട് സാമ്യം തോന്നുന്ന വേറെ സീരിയലൊക്കെ വന്നു. അതുപോലെ സ്റ്റാര്‍ മാജിക്കും ഒന്നു പുതുക്കാനാണെങ്കിലോ? അല്ലാതെ ഈ പറയുന്നതൊക്കെ ചുമ്മാ പറയുന്നതാണ് എന്നാണ് ജാഫര്‍ ഇടുക്കി പറഞ്ഞത്.
CONTENT HIGHLIGHT: dayana reveals why they stopped star magic