Celebrities

പൃഥ്വിരാജിന്റെ മകളെ എന്തിന് അംബാനി സ്കൂളിൽ ചേർത്തു ? തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ | mallika sukumaran

പൃഥ്വിരാജിൻറെ മകൾ അംബാനി സ്കൂളിൽ പഠിക്കുന്നുവെന്നത് വലിയ ചർച്ചയായിരുന്നു

മല്ലിക സുകുമാരനെ അറിയാത്ത മലയാളികൾ കുറവാണ്. 50 വർഷങ്ങളായി മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന കലാകാരിയാണ് മല്ലിക സുകുമാരൻ. സുകുമാരന്റെ ഭാര്യയും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയും ഒക്കെ ആണെങ്കിലും മല്ലിക തന്റേതായ ഒരു ഇടം മലയാള സിനിമയിൽ കണ്ടെത്തിയിട്ടുണ്ട്.

കൊച്ചുമക്കളാണ് ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ രസം എന്നാണ് മല്ലിക പറയുന്നത്. ‘അവർക്ക് കഥകൾ പറയാനുണ്ടാകും, കൊച്ചുവർത്താനം പറയാൻ കാണും. ഇവർ എന്നെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ല. പിറന്നാൾ എന്ന് പറഞ്ഞ് വീട്ടിലേക്ക് വരും . കേക്ക് മുറിക്കും, ഡാൻസൊക്കെ കളിക്കും. ആ സമയത്ത് ഞാനൊരു 16 കാരിയാകും. പ്രാർത്ഥനയും നക്ഷത്രയും അലംകൃതയും വന്നാൽ ഞാൻ അവരുടെ ചേച്ചിയായിട്ടാണ് അവിടെ കിടന്ന് കളിക്കാറുള്ളത്’, മല്ലിക സുകുമാരൻ പറഞ്ഞു.

പൃഥ്വിരാജിൻറെ മകൾ അംബാനി സ്കൂളിൽ പഠിക്കുന്നുവെന്നത് വലിയ ചർച്ചയായിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിനും മല്ലിക മറുപടി നൽകി. ‘അലംകൃത അംബാനി സ്കൂളിൽ പഠിക്കുന്നുവെന്നതൊക്കെ വലിയ വാർത്തയാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായിട്ടില്ല. എത്രയോ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. അത് നല്ല സ്കൂളാണെന്ന് സൂര്യയോ മറ്റോ പറഞ്ഞത് കൊണ്ടാണ് അവിടെ ചേർത്തത്. അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. ഇത് വലിയ വാർത്തയാക്കുന്നത് എന്തിനാണ് ?

അവൾ മിടുക്കി തന്നെയാണ്. എന്നാലും അവളെ പോലെ മിടുക്കിയായ എത്രയോ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. അവിടെ പഠിച്ചത് കൊണ്ട് ലോകം ഭരിക്കണമെന്നില്ല. രാജ്യത്തും ലോകത്തും പ്രശസ്തമായ പലരും തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിലുമൊക്കെ പഠിച്ചവരല്ലേ. എവിടെ പഠിക്കുന്നുവെന്നതല്ല കാര്യം. മുംബൈയിലാണ് അവർ താമസിക്കുന്നത്. അപ്പോൾ മകൾക്ക് പഠിക്കാൻ മികച്ചൊരു സ്കൂൾ, അത്രയേ അതിനെ ഞാൻ കാണുന്നുള്ളൂ’, താരം വ്യക്തമാക്കി.