Thrissur

തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് സിപിഎം | chavakkad sub inspector stopped christmas celebration

പാലയൂര്‍ പള്ളിയിലെ കാരള്‍ ഗാന പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്ഐയുടെ നടപടി വിവാദമായിരുന്നു.

തൃശൂര്‍: തൃശൂര്‍ പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം എസ് ഐ ഇടപെട്ട് തടഞ്ഞ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം. എസ്ഐയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്  സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്ക് കത്ത് കൈമാറി. പാലയൂര്‍ പള്ളിയിലെ കാരള്‍ ഗാന പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്ഐയുടെ നടപടി വിവാദമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് എസ്ഐ വിജിത്തിനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.ഐയക്ക് ‘ഇഷ്ട സ്ഥലംമാറ്റം ‘ നൽകിയതിന് പിന്നാലെയാണ് സി.പി.എം ഇടപെടൽ. സി.പി.എമ്മിന്‍റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ സെക്രട്ടറി വിഷയത്തിൽ ഇടപ്പെട്ടത്. നിലവിൽ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂര്‍ എരുമപ്പെട്ടി എസ്ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി. ശിവദാസ് ആണ് എസ്ഐയ്ക്കെതിരെ പ്രസ്താവനയിലൂടെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എസ്.ഐയുടെ പള്ളിയിലെ ഇടപെടൽ അനാവശ്യമെന്ന് സി.പി.എം അഭിപ്രായപ്പെട്ടിരുന്നു. എസ്ഐ വിജിത്തിനെതിരെ നടപടി വേണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു

 

മൈക്കിലൂടെ പള്ളി കരോൾ ഗാനം  പാടാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്നായിരുന്നു പൊലീസിന്‍റെ ഭീഷണി. ചാവക്കാട് എസ്.ഐ വിജിത്ത് തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം പള്ളിയിൽ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു.

സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു എസ്ഐയുടെ ഇടപെടൽ. ഇവിടെ കഴിഞ്ഞ വർഷങ്ങളിലും കരോൾ പാട്ട് മത്സമൊക്കെ നടത്താനിരുന്നതാണ്. റോഡിൽ നിന്ന് 200 മീറ്റർ ദൂരമുണ്ട്. പരിപാടി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് പൊലീസ് എത്തിയത്. മൈക്ക് കെട്ടി കരോൾ പാടിയാൽ എല്ലാം പിടിച്ചെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു.

പള്ളിയിൽ നിന്നും പുരോഹിതൻ വന്ന് സംസാരിച്ചിട്ടും എസ്ഐ കരോൾ പാട്ടിന് അനുമതി നൽകിയില്ലെന്നും എല്ലാ ക്രിസ്മസ് ദിനത്തിന് തലേദിവസവും ഈ പരിപാടി നടക്കുന്നതാണെന്നും പള്ളിക്കമ്മറ്റിയുമായി ആലോചിച്ച് പരാതി നൽകുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞിരുന്നു.

 

content highlight : chavakkad-sub-inspector-stopped-christmas-celebration-carol-in-thrissur