Entertainment

ഇനി കൊറിയൻ ‘മാർക്കോ’ ; ബാഹുബലിക്ക് ശേഷം വീണ്ടും ഇന്ത്യൻ ചിത്രം കൊറിയന്‍ തിയേറ്ററുകളിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം മാർക്കോ തിയേറ്ററുകളിൽ വലിയ വിജയമായി പ്രദർശനം തുടരുകയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ മാര്‍ക്കോയ്ക്ക് ബോളിവുഡിലും ആരാധകർ ഏറെയാണ്. യുവാക്കള്‍ മാത്രമല്ല, കുടുംബങ്ങളും മാര്‍ക്കോ കാണാന്‍ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇപ്പോൾ വീണ്ടും തിളങ്ങാൻ പോവുകയാണ് ചിത്രം. ചിത്രം കൊറിയയിൽ റിലീസിന് ഒരുങ്ങുന്നു. ബാഹുബലിക്ക് ശേഷം കൊറിയന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന തെന്നിന്ത്യന്‍ ചിത്രമായിരിക്കും മാര്‍ക്കോ. ഏപ്രില്‍ മാസത്തിൽ ആയിരിക്കും മാര്‍ക്കോയുടെ കൊറിയന്‍ റിലീസ്.

ബാഹുബലി 2 സൗത്ത് കൊറിയയില്‍ 24 സ്ക്രീനുകളിലാണ് 2017 ല്‍ റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ അതിന്‍റെ നാലിരട്ടിയില്‍ ഏറെ, അതായത് നൂറിലേറെ സ്ക്രീനുകളിലാവും മാര്‍ക്കോ എത്തുക. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് കൊറിയന്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീന്‍ കൗണ്ട് ആണ് ഇത്. ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻമാരായ നൂറി പിക്ചേഴ്സുമായി ഒരു സുപ്രധാന ഡിസ്ട്രിബ്യൂഷൻ കരാർ ആണ് മാര്‍ക്കോ സ്വന്തമാക്കിയിരിക്കുന്നത്.

വയലൻസ് രം​ഗങ്ങളും ആക്ഷനുമാണ് ചിത്രത്തിൽ വേറിട്ട് നിൽക്കുന്ന ഘടകം. ആക്ഷന് പ്രാധാന്യം നൽകിയ സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.