സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്ത് നായകനായ ചിത്രമാണ് അണ്ണാത്തെ. കുറച്ച് കാലത്തിന് ശേഷം രജനികാന്ത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കഥയില്‍ നായകനാകുകയായിരുന്നു അണ്ണാത്തെയിലൂടെ. 2021ൽ ദീപാവലി റിലീസായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. നയൻതാര, കീർത്തി സുരേഷ്, ഖുശ്ബു, മീന, സൂരി, പ്രകാശ് രാജ്, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടി ഖുശ്‌ബു.
അണ്ണാത്തെയിൽ അഭിനയിച്ചതിൽ തനിക്ക് വലിയ നിരാശയുണ്ടെന്നാണ് ഖുശ്ബു പറയുന്നത്. അഭിനയ ജീവിതത്തില്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയ ചിത്രങ്ങളുണ്ടോ എന്ന ചോദ്യത്തിന് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ അത്തരത്തില്‍ ഉണ്ടെന്ന് മറുപടി നൽകിക്കൊണ്ടായിരുന്നു ഖുശ്ബു അണ്ണാത്തെയെക്കുറിച്ച് പറഞ്ഞത്. തനിക്കും മീനയ്ക്കും നായികമാരെപ്പോലെയുള്ള കഥാപാത്രങ്ങളാണെന്നാണ് പറഞ്ഞിരുന്നത്. വളരെ രസകരമായൊരു കഥാപാത്രമായിരിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ സിനിമ പുരോഗമിച്ചപ്പോൾ രജനീകാന്തിന് മറ്റൊരു നായികയുണ്ടായി. തന്റേത് കാരിക്കേച്ചര്‍ സ്വഭാവമുള്ള ഒരു കഥാപാത്രമായി മാറുകയുമായിരുന്നു. ഡബ്ബിങ്ങിനിടെ സിനിമ കണ്ടപ്പോൾ വളരെയധികം നിരാശ തോന്നി എന്നമാണ് ഖുശ്ബു പറയുന്നത്.
ഖുശ്ബുവിന്റെ വാക്കുകൾ ഇങ്ങനെയാണ്. -‘എനിക്കും മീനയ്ക്കും അവതരിപ്പിക്കാനുള്ളത് ശ്രദ്ധേയ കഥാപാത്രങ്ങളെയാണെന്നാണ് പറഞ്ഞിരുന്നത്. നായികമാരെപ്പോലെയുള്ള കഥാപാത്രങ്ങള്‍ ആണെന്ന്. എന്നാല്‍ ഷൂട്ടിംഗ് സമയത്ത് വ്യത്യാസങ്ങള്‍ വരുത്തി. മറ്റൊരു നായിക രജനികാന്തിനൊപ്പം ചിത്രത്തില്‍ എത്തില്ലെന്ന ബോധ്യത്തോടെയാണ് ഈ പ്രോജക്റ്റ് ഏറ്റെടുത്തത്. ഒരുപാട് തമാശയും രസങ്ങളുമൊക്കെയുള്ള ഒരു റോളുമായിരുന്നു അത്. എന്നാല്‍ പൊടുന്നനെ രജനി സാറിന് മറ്റൊരു നായികഉണ്ടായി. അങ്ങനെവന്നപ്പോള്‍ എന്‍റേത് കാരിക്കേച്ചര്‍ സ്വഭാവമുള്ള ഒരു കഥാപാത്രമായി എനിക്ക് തോന്നി. ഡബ്ബിംഗ് സമയത്ത് ചിത്രം കണ്ടപ്പോള്‍ എനിക്ക് വലിയ നിരാശ തോന്നി.’ എന്നാണ് താരം പറയുന്നത്.
ഒരു കാലത്തെ രജിനികാന്തിന്റെ ഹിറ്റ് ജോഡിയാണ് മീനയും ഖുശ്ബുവും. നയൻതാരയുടെ താരപ്രഭ കാരണം മറ്റ് ചില സിനിമകളിലും ചില നടിമാർക്ക് പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ അണ്ണാത്തെയുടെ കാര്യത്തിൽ മറിച്ചൊന്നും സംഭവിച്ചില്ല, ചിത്രം വേണ്ട ജനപ്രീതി നേടിയില്ല. പ്രേക്ഷകരുടെ ഡിമാന്‍റ് കാരണമോ അല്ലെങ്കില്‍ സംവിധായകന്‍റെയോ നിര്‍മ്മാതാവിന്‍റെയും തീരുമാനപ്രകാരമോ ആവാം സിനിമയിൽ മാറ്റങ്ങൾ വന്നത് എന്ന് പറഞ്ഞ് വിഷയം അവസാനിപ്പിക്കുകയായിരുന്നു ഖുശ്ബു.