ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാകുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്ച ശക്തമായതിനാലും കാഴ്ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മൈനസ് 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടങ്ങളിലെ താപനില. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമായി. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില.
അതേസമയം, ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെ പലയിടങ്ങളിൽ നിന്നായി പൊലീസും സുരക്ഷ സേനയും രക്ഷപ്പെടുത്തുന്നുമുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡ് 4 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കശ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. നാളെ മുതൽ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗമെത്തുമെന്നും മുന്നറിയിപ്പുണ്ട്.