സൂര്യപ്രകാശത്തിന്റെ നേരിട്ടുള്ള ആഘാതങ്ങളിലൊന്നാണ് സൺ ടാൻ. അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൻ്റെ വാർദ്ധക്യം, ചുളിവുകൾ, സ്കിൽ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സൺ ടാൻ അകറ്റുന്നതിന് പ്രകൃതിദത്തമായ രീതികൾ പരീക്ഷിക്കുന്നതായിരിക്കും എപ്പോഴും നല്ലതും ഗുണം ചെയ്യുന്നതും. സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന 10 ഫേസ് പാക്കുകൾ.
1. സൺ ടാന്നുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് തക്കാളി പേസ്റ്റ്. ചർമത്തിന്റെ ആരോഗ്യകാര്യത്തിൽ ഏറ്റവും മികച്ച ഗുണങ്ങളെ നൽകാൻ ശേഷിയുള്ള തക്കാളി വെയിൽ ഏൽക്കുന്നത് മൂലം നിങ്ങളുടെ ചർമത്തിൽ ഉണ്ടാവുന്ന കരിവാളിപ്പിനുള്ള ഏറ്റവും മികച്ച പരിഹാരമായ പ്രവർത്തിക്കും. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ഈർപ്പം പകർന്നു നൽകിക്കൊണ്ട് വരണ്ട ചർമ്മത്തിന്റെ ലക്ഷണങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നതിനുള്ള ശേഷി ഇതിനുണ്ട്.
2. ഒരു ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ തേൻ, അൽപം നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്താനും ഈ പാക്ക് സഹായിക്കും.
3. മൂന്ന് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ ഒലീവ് ഓയിലും അൽപം നാരങ്ങാ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ചർമ്മം തിളങ്ങാൻ ഈ പാക്ക് സഹായിക്കും.
4. കറ്റാർവാഴ ജെൽ നാരങ്ങാനീരുമായി മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. കറ്റാർവാഴ ജെല്ലിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സൺ ടാൻ അകറ്റുന്നതിന് ഗുണം ചെയ്യും.
5. രണ്ട് ടേബിൾ സ്പൂൺ തൈരിൽ കോഫി പൗഡർ മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. അത് ഉണങ്ങുന്നതു വരെ ഇടുക ശേഷം കഴുകി കളയുക.
6. ഒരു ഓറഞ്ചിന്റെ നീര്,1 ടേബിൾ സ്പൂൺ തേൻ,1 ടേബിൾ സ്പൂൺ തൈര് എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയുക. ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉൽപാദനത്തെ പിന്തുണയ്‌ക്കുന്നതിലൂടെ ചർമ്മത്തിൻ്റെ നിറവും ഘടനയും തുല്യമാക്കാൻ സഹായിക്കുന്നു.
7. കരുവാളിപ്പുള്ളിടത്തു കറ്റാർവാഴയുടെ ജെൽ പുരട്ടുക. ഇത് അര മണിക്കൂർ ശേഷം കഴുകിക്കളയാം. പിന്നീട് മോയിസ്ചറൈസർ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നതും നല്ലതാണ്. കറ്റാർ വാഴ വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.
8. മുഖത്തെ കരുവാളിപ്പിനുള്ള നല്ലൊരു പരിഹാരമാണ് ഉരുളക്കിഴങ്ങ് നീര് . ഇത് മുഖത്തു പുരട്ടാം. ഇതിൽ നാരങ്ങാനീരും തേനും ചേർത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.
9. മുൾട്ടാണി മിട്ടി, റോസ് വാട്ടറും നാരങ്ങാനീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക.
10. വെള്ളരിക്കയും പഴുത്ത പപ്പായ പള്‍പ്പും തൈരും രണ്ട് ടീസ്പൂണ്‍ ഓട്സും ചേര്‍ത്ത് ഇളക്കുക. നാരങ്ങ നീരും ചേര്‍ക്കാം. മുഖത്തും കഴുത്തിലും പുരട്ടുക, ആഴ്ചയില്‍ രണ്ടുതവണ. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയുക.